ചാലക്കുടി: ചാലക്കുടി റസിഡന്റ്സ് അസോസിയേഷൻ കോ- ഓർഡിനേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജോസ് പല്ലിശ്ശേരി നാടകമേള നവംബർ നാല് മുതൽ 10 വരെ നടക്കും. നാലിന് വൈകിട്ട് ആറിന് കൂടപ്പുഴ ഫാസ് ഓഡിറ്റോറിയത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ പ്രമുഖ നാടകങ്ങൾ മേളയിൽ അവതരിപ്പിക്കും. ആദ്യദിവസം കോഴിക്കോട് സങ്കീർത്തനയുടെ വെളിച്ചം രംഗത്തെത്തും. ഉദ്ഘാടന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ എബി ജോർജ് മുഖ്യാതിഥിയാകും. സജിൻ ഗോപു, ചലച്ചിത്ര സംവിധായകനും ജോസ് പല്ലിശ്ശേരിയുടെ മകനുമായ ലിജോ ജോസ് പല്ലിശ്ശേരി തുടങ്ങിയവർ പങ്കെടുക്കും.
എല്ലാ ദിവസവും പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ മികച്ച പ്രതിഭകളെ ആദരിക്കും. ആദ്യകാല നാടക പ്രവർത്തകൻ ജോണി മേച്ചേരി, യുവ സാംസ്‌കാരിക പ്രവർത്തകൻ ഷാജു മേച്ചേരി, അഡ്വ. എ.യു. രഘുരാമപ്പണിക്കർ, സിമി അനൂപ്, കൗൺസിലർ വി.ജെ. ജോജി എന്നിവരെയാണ് ആദരിക്കുക.
പ്രസിഡന്റ് പോൾ പാറയിൽ, സെക്രട്ടറി പി.ഡി. ദിനേശ്, ചീഫ് കോ- ഓർഡിനേറ്റർ സുന്ദർദാസ് , ബീന ഡേവിസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സിനിമ നാടക നടനായിരുന്ന ജോസ് പല്ലിശ്ശേരി മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ജന്മനാടായ ചാലക്കുടിയിൽ ഒരു സ്മാരകം പോലുമില്ല. ഇതിനൊരു പരിഹാരം കൂടിയാണിത്. പഴയകാല നാടക കലയെ പ്രോത്സാഹിപ്പിക്കലും സ്ഥിരം നാടകവേദി സംഘടിപ്പിക്കലുമാണ് ലക്ഷ്യം.
- ഭാരവാഹികൾ