vk

കുന്നംകുളം: കുന്നംകുളത്തെ സാംസ്‌കാരിക സംഘടനകൾ ചേർന്നൊരുക്കിയ സ്‌നേഹക്കൂട്ടിൽ നടനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമന്റെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഒരു ദിവസം നീളുന്ന സൗഹൃദസദസ് സാംസ്‌കാരികപ്രവർത്തകരുടെ സംഗമവേദിയായി. ആകയാലും സുപ്രഭാതം ഉൾപ്പെടെ വി.കെ. ശ്രീരാമൻ രചിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

സ്‌നേഹത്തിന്റെ അതികായൻ എന്നാണ് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി. രാജേഷ് വി.കെ. ശ്രീരാമനെ വിശേഷിപ്പിച്ചത്. സരസമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന വേറിട്ട വ്യക്തിയാണ് വി.കെ. ശ്രീരാമനെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു. സിനിമകളിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പ്രശസ്തിയേക്കാൾ വിലപ്പെട്ടതാണ് വ്യക്തിബന്ധങ്ങളിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഘാടകസമിതി ചെയർമാൻ ഫാ. ബെഞ്ചമിൻ അദ്ധ്യക്ഷനായി. വി.കെ. ശ്രീരാമനുള്ള കുന്നംകുളത്തിന്റെ ഉപഹാരം മന്ത്രി എം.ബി. രാജേഷും സുഹൃത്തുക്കളുടെ സ്‌നേഹസമ്മാനം കെ.സി. നാരായണനും കൈമാറി. സുനിൽ പി. ഇളയിടം, എം.വി. നാരായണൻ, റഫീക്ക് അഹമ്മദ്, പി.എൻ. ഗോപീകൃഷ്ണൻ, മ്യൂസ്‌മേരി ജോർജ്, എസ്. ശാരദക്കുട്ടി, ബി.കെ. ഹരിനാരായണൻ, രാംമോഹൻ പാലിയത്ത്, ഡോ. ഹരികൃഷ്ണൻ, പി.ജി. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.

വേറിട്ട നാട്ടുചരിത്രം എന്ന പേരിൽ നടത്തിയ സെമിനാറിൽ പി.എസ്. ഷാനു അദ്ധ്യക്ഷനായി. കെ.സി. നാരായണൻ, അഭിലാഷ് മലയിൽ, എം.എച്ച്. ഇല്യാസ്, പി.എം. ആരതി, ടി.ഡി. രാമകൃഷ്ണൻ, വി.സി. ഗീവർഗീസ്, അഷറഫ് പേങ്ങാട്ടയിൽ എന്നിവർ പ്രസംഗിച്ചു. ശിവദാസൻ ചിത്രാംബരി അവതരിപ്പിച്ച പുല്ലാങ്കുഴൽ ഇശൈ, അലോഷിയുടെ സംഗീതസന്ധ്യ എന്നിവയുമുണ്ടായി.