protest
ചാലക്കുടി നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർമാനന്‌റെ ഡയസിന് മുന്നിൽ കരിങ്കൊടിയുമായി പ്രതിപക്ഷം പ്രതിഷേധിക്കുന്നു

ചാലക്കുടി: ക്രിമറ്റോറിയത്തിലെ അറ്റകുറ്റപ്പണികളെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധത്തിൽ നഗരസഭ കൗൺസിൽ യോഗം അലങ്കോലമായി. ഇതോടെ വെള്ളിയാഴ്ച ചേർന്ന യോഗം അജണ്ടയിലെ വിഷയങ്ങൾ ചർച്ച ചെയ്യാതെ ചെയർമാൻ ഇൻ ചാർജ് ആലീസ് ഷിബു പിരിച്ചുവിട്ടു. കരിങ്കൊടിയും പ്ലക്കാർഡുകളുമായി എത്തിയ പ്രതിപക്ഷം അജണ്ടകൾ ചർച്ച ചെയ്യാൻ സമ്മതിച്ചില്ല. പുകക്കുഴലിന്റെ പുനർ നിർമ്മാണം പൂർത്തിയാക്കി, പൊതുജനാവശ്യത്തിന് ക്രിമറ്റോറിയം തുറന്നുകൊടുത്ത ശേഷം കൗൺസിൽ യോഗം നടത്തിയാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ആവശ്യപ്പെട്ടു.

വി.ജെ. ജോജി, കെ.എസ്. സുനോജ്, ബിജി സദാനന്ദൻ എന്നിവരും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തി. ഇത് പ്രതിരോധിക്കാൻ ഷിബു വാലപ്പൻ, വത്സൻ ചമ്പക്കര, എം.എം. അനിൽകുമാർ, അഡ്വ. ബിജു ചിറയത്ത് എന്നിവർ ശ്രമിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളികളാൽ യോഗം നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു.

ചെയർമാന്റെ ഡയസിന് മുന്നിൽ കരിങ്കൊടികളുമായി അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ അജണ്ടകളെല്ലാം പാസാക്കിയതായി അറിയിച്ച് അദ്ധ്യക്ഷ ആലീസ് ഷിബു ബെല്ലടിച്ചു. തുടർന്ന് പുറത്തിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ ചെയർമാന്റെ ഓഫീസിനു മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.


ആറുമാസം മുമ്പ് ക്രിമറ്റോറിയത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് വിവരം നൽകിയിരുന്നു. ചെയർമാനും കൂട്ടരും തികഞ്ഞ അനാസ്ഥയാണ് കാട്ടിയത്. ജനകീയ താത്ര്യം മുൻനിറുത്തി ക്രിമറ്റോറിയം നിർമ്മാണം പൂർത്തിയായ ശേഷം കൗൺസിൽ യോഗം നടത്തിയാൽ മതിയെന്നാണ് തങ്ങളുടെ തീരുമാനം.

- സി.എസ്. സുരേഷ്, പ്രതിപക്ഷ നേതാവ്


പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ മുതലെടുപ്പ്
കാലപ്പഴക്കത്താലാണ് ക്രിമറ്റോറിയത്തിന്റെ പുകക്കുഴൽ തകർന്നുവീണത്. അടിയന്തരമായി ഇതിന്റെ പുനർനിർമാണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം പ്രവർത്തനം പൂർത്തിയാക്കും.

- ആലീസ് ഷിബു, ചെയർപേഴ്‌സൺ ഇൻ ചാർജ്