കൊടുങ്ങല്ലൂർ : നബാർഡിന്റെ സഹകരണത്തോടെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ.സി.എ.ആർ സിഫ്ടിന്റെ പങ്കാളിത്തത്തോടെ ബ്ലൂ പേൾ മത്സ്യക്കർഷക ഉത്പാദക കമ്പനിക്ക് കൊടുങ്ങല്ലൂരിൽ തുടക്കമായി. നഗരസഭാ ടൗൺ ഹാളിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.
സർക്കാരിന്റെ സഹായത്തോടെ നല്ലൊരു സംരംഭത്തിന് തുടക്കം കുറിക്കുകയാണ് എഫ്.എഫ്.പി.ഒയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ മത്സ്യ മേഖലയിലേക്കുള്ള വിവിധ പദ്ധതികളും മന്ത്രി വിവരിച്ചു. ബ്ലൂ പേൾ എഫ്.എഫ്പി.ഒയുടെ ഓഹരി ഉടമകൾക്ക് ഷെയർ സർട്ടിഫിക്കറ്റ് നൽകുകയും ബ്ലൂ പേളിന്റെ ലോഗോയും ബ്രോഷറും മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനിൽ അദ്ധ്യക്ഷനായി. ഐ.സി.എ.ആർ സിഫ്ടും കേരളത്തിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമുള്ള ഏഴ് ഫിഷ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളും അവരുടെ പ്രവർത്തനങ്ങളിലെ സാങ്കേതിക പിന്തുണയ്ക്കായി മെമ്മോറാണ്ടം ഒഫ് എഗ്രിമെന്റ് കൈമാറി. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി മത്സ്യ മൂല്യവർദ്ധന പരിശീലന സെഷനുകൾ, മിനി എക്‌സ്‌പോ, സംരംഭക സംഗമം എന്നിവയ്‌ക്കൊപ്പം സാങ്കേതിക മാർഗനിർദേശങ്ങളും നൽകി. ഐ.സി.എ.ആർ സിഫ്ട് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, സിഫ്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും പ്രൊജക്ട് ലീഡറുമായ ഡോ. എസ്. ആശാലത, നബാർഡ് ഡി.ഡി.എം സെബിൻ ആന്റണി തുടങ്ങിയവർ സംസാരിച്ചു.
കൂട് മത്സ്യക്കർഷകരുടെ വരുമാന വർദ്ധന ലക്ഷ്യം
മത്സ്യക്കർഷകരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനമാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. കൂട് മത്സ്യക്കൃഷിക്കാരുടെ വരുമാനം വർദ്ധിപ്പിക്കുകയും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ ശാക്തീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ് മത്സ്യമേഖല. നമ്മുടെ മത്സ്യമേഖല സൺറൈസ് സെക്ടർ എന്നാണ് അറിയപ്പെടുന്നത്.
- ജോർജ് കുര്യൻ
(കേന്ദ്ര സഹമന്ത്രി)