
തൃശൂർ: എങ്ങോട്ട് തിരിഞ്ഞാലും നേതാക്കന്മാർ. അതാണ് നിലവിൽ ചേലക്കരയിൽ കാണാൻ സാധിക്കുന്നത്. കേരളത്തിലെ മുൻനിര രാഷ്ട്രീയ നേതാക്കളെല്ലാം ഒരിക്കലെങ്കിലും ഇതിനോടകം ചേലക്കര സന്ദർശിച്ചു കഴിഞ്ഞു. എൽ.ഡി.എഫിനായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ അണിനിരന്നപ്പോൾ മറ്റ് മുന്നണികളും ഒട്ടും പിറകിലല്ല. പ്രചാരണം ഉച്ചസ്ഥായിയിലേക്ക് നീങ്ങുമ്പോൾ ചേലക്കരക്കാർ ഇതുവരെ കാണാത്ത തിരഞ്ഞെടുപ്പ് രംഗങ്ങൾ.
സംസ്ഥാന നേതാക്കളുടെ മേൽനോട്ടത്തിലാണ് പ്രചാരണം പൊടിപൊടിക്കുന്നത്. ഓരോ ബൂത്തിനും ഓരോ നേതാക്കന്മാർ. അതിനാൽ ബൂത്തിലെ വോട്ട് കുറയുന്നത് നേതാക്കന്മാർക്കും തിരിച്ചടിയാകും. 11നാണ് കലാശക്കൊട്ട്. തങ്ങൾക്കാണ് മേൽക്കൈ എന്ന ട്രെൻഡ് വോട്ടർമാർക്കിടയിൽ വരുത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ. ഒരു ഭാഗത്ത് സ്ഥാനാർത്ഥികളുടെ പര്യടന പരിപാടികളും മറുഭാഗത്ത് കുടുംബയോഗങ്ങളും ശക്തിതെളിയിച്ചുള്ള പൊതുസമ്മേളനങ്ങളും അരങ്ങു തകർക്കുകയാണ്.
മാറിമറിയുന്ന പ്രചാരണ വിഷയങ്ങൾ
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ മണ്ഡലത്തിന്റെ വികസനമായിരുന്നു പ്രധാന പ്രചാരണ വിഷയമെങ്കിൽ ഇന്ന് സ്ഥിതി അതല്ല. ഓരോ ദിവസവും വിഷയങ്ങൾ മാറി മറിയുകയാണ്. ചേലക്കരയിലെ റൈസ് പാർക്ക്, അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് എന്നിവയിൽ നിന്ന് പൂരം കലക്കൽ, എ.ഡി.എമ്മിന്റെ മരണം, ദിവ്യയുടെ അറസ്റ്റ്, പൂരം വെടിക്കെട്ട് എന്നിവയിലേക്കും അവസാനം കൊടകര കുഴൽപ്പണക്കേസിലും വരെയെത്തി നിൽക്കുന്നു. മൂന്ന് മുന്നണികൾക്കും കടന്നാക്രമണത്തിനൊപ്പം പ്രതിരോധവും തീർക്കേണ്ട വിഷയങ്ങളുള്ളതിനാൽ ചേലക്കരക്കാരുടെ മനസ് ആർക്കൊപ്പമെന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണ്.
വിവാദങ്ങളിൽ അടിതെറ്റാതിരിക്കാൻ എൽ.ഡി.എഫ്
ചേലക്കരക്കാർ ഒരിക്കലും കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപ്. കെ.രാധാകൃഷ്ണന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള തുടർച്ച, ഇതാണ് എൽ.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നത്. സാധാരണക്കാർക്ക് എൽ.ഡി.എഫ് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങളും വിഷയമാക്കുന്നു. എന്നാൽ എ.ഡി.എമ്മിന്റെ മരണവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ അറസ്റ്റും അതിൽ പാർട്ടി സ്വീകരിക്കുന്ന നിലപാടും തിരിച്ചടിയാകുമോയെന്ന ആശങ്ക നിലനിൽക്കുന്നു.
മുതലെടുക്കാൻ യു.ഡി.എഫ്
നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ കണ്ണുവച്ചാണ് യു.ഡി.എഫ് പ്രവർത്തനം. മണ്ഡലം നിറഞ്ഞാണ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പ്രചാരണം. സംസ്ഥാന സർക്കാരിനെതിരെ അതിശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നത് അനുകൂമാകുമെന്ന് നേതാക്കൾ ഉറച്ചു വിശ്വസിക്കുന്നു.
പ്രതീക്ഷയർപ്പിച്ച് എൻ.ഡി.എ
നാടിളക്കിയുള്ള പ്രചാരണമാണ് എൻ.ഡി.എ നടത്തുന്നത്. ഇരു മുന്നണികളും ചേലക്കരയെ ചതിച്ചുവെന്ന പ്രചാരണമാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങളും തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ അലയൊലിയും നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കാനിരിക്കെ വീണ്ടുമുയർന്ന കൊടകര കുഴൽപ്പണ കേസ് പ്രതികൂലമായി ബാധിക്കുമോയെന്നതാണ് ആശങ്ക.
2021ലെ വോട്ടുനില
കെ.രാധാകൃഷ്ണൻ (എൽ.ഡി.എഫ്)- 83,415
സി.സി. ശ്രീകുമാർ (യു.ഡി.എഫ്)- 44,015
ഷാജുമോൻ വട്ടേക്കാട് (എൻ.ഡി.എ)- 24,045
ഭൂരിപക്ഷം: 39,400