വടക്കാഞ്ചേരി: നഗരസഭയിലെ വനമേഖലയോട് ചേർന്ന അകമലയിൽ വന്യ മൃഗങ്ങൾ ഭീതി വിതയ്ക്കുമ്പോൾ വനം മന്ത്രി പ്രഖ്യാപിച്ച സുരക്ഷാ നടപടികൾ കടലാസിൽതന്നെ. നിയോജക മണ്ഡലത്തിലെ ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചതോടെ അടിയന്തര നടപടി ആവശ്യപ്പെട്ട് സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് വനം മന്ത്രി നടപടി ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രഖ്യാപിച്ചിട്ട് ഒന്നര വർഷം പിന്നിട്ടെങ്കിലും യാഥാർത്ഥ്യമാക്കാതെ പദ്ധതി ഇഴഞ്ഞ് നീങ്ങുകയാണ്. മുണ്ടത്തിക്കോട് പുലിക്കുന്നത്ത് പുലിയെ കണ്ടതോടെയാണ് 2023 മാർച്ച് 17 ന് എം.എൽ.എ സബ് മിഷൻ അവതരിപ്പിച്ചത്. വാഴാനി വനമേഖലയിൽ നിന്നും കാട്ടാന ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നതും ആക്രമണങ്ങൾ ഉണ്ടാകുന്നതും കുറയ്ക്കാൻ സോളാർ വേലി സ്ഥാപിക്കുന്നതിന് തുക അനുവദിച്ചതായി മന്ത്രി മറുപടി നൽകിയിരുന്നു.വന്യമിത്രാ ജില്ലാ സംയോജിത പദ്ധതിയിൽ ഉൾപ്പെടുത്തി ചേപ്പലക്കോട് മുതൽ പട്ടാണിക്കാട് വരെ 10 കിലോമീറ്ററും, തെക്കുംകര കുറ്റിക്കാട് മുതൽ മേലില്ലം വരെ 6 കിലോമീറ്ററും അടക്കം 16 കിലോമീറ്ററിൽ സോളാർ ഫെൻസ് (വേലി) സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അറിയിച്ചിരുന്നു. കുതിരാൻ-വാഴാനി വനമേഖലകളുടെ അതിർത്തിയിൽ 1.5 കിലോമീറ്റർ ദൂരത്തിൽ ഹാഗിംഗ് സോളാർ ഫെൻസ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുകയും പ്രവൃത്തി കെ.പി.എച്ച്.സി.സിയെ ഏൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. ഈ നടപടി മാത്രമാണ് പദ്ധതിയിൽ യാഥാർത്ഥ്യമായത്.
പുലിപ്പേടിയിൽ
മണ്ണിടിച്ചിലും കാട്ടാനയും ഭീതിവിതച്ച അകമലയിൽ കഴിഞ്ഞ ദിവസം പുലിയെ കണ്ടതോടെ ജനങ്ങൾ ആശങ്കയിൽ. വനപാലകരും റാപ്പിഡ് റെസ് പോൺസ് ടീം (ആർ.ആർ.ടി) അംഗങ്ങളും ഇന്നലെ മേഖലയിൽ പരിശോധ ന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് വനപാലകർ അറിയിച്ചു. ചക്യാറ പുത്തൻവീട്ടിൽ ലോറൻസിന്റെ വീട്ടുപറമ്പിന് സമീപമാണ് പുലിയെ കണ്ടതെന്ന് അദ്ദേഹം പറയുന്നു. ടോർച്ച് തെളിയിച്ചപ്പോൾ പുലിയെ വട്ടം ചുറ്റി നായകൾ കുരയ്ക്കുന്നത് കണ്ടതായും ശേഷം ഒരു നായയുമായി പുലി ഓടി മറഞ്ഞതായും ലോറൻസ് വനപാലകർക്കും മൊഴിനൽകിയിരുന്നു. പുലിയെ കണ്ടെന്ന് പറയുന്ന മേഖലയിൽ വനംവകുപ്പ് ക്യാമറാ ട്രാപ്പുകൾ സ്ഥാപിച്ചു.