പാവറട്ടി: ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്ര ശ്രീകോവിലിന്റെ മുൻഭാഗത്ത് സീലിംഗിൽ തേക്കുമരത്തിൽ നിർമ്മിച്ച നവഗ്രഹങ്ങളുടെ ദാരുശിൽപ്പങ്ങൾക്കും ബലിക്കൽ പുരയുടെ സീലിംഗിൽ നിർമ്മിച്ച അഷ്ടദിക് പാലകരുടെ ദാരു ശിൽപ്പങ്ങൾക്കും പുത്തൻ തിളക്കം.

മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായാണ് ദാരുശിൽപ്പങ്ങൾ മിനുക്കി ഭംഗിയാക്കിയത്. ക്ഷേത്രത്തിനകത്തെ കരിയും പുകയുമേറ്റ് വളരെ മോശമായ രീതിയിലായിരുന്നു ദാരുശിൽപ്പങ്ങൾ. ശബരിമല ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു ശിൽപ്പി എളവള്ളി നന്ദനെ ചുമതല ഏൽപ്പിച്ചു. രാജൻ, ഹരി, ഗണേഷ്, സനീഷ് എന്നിവർ സഹായികളായി.


2021ലാണ് ദാരുശിൽപ്പങ്ങൾ നന്ദൻ നിർമ്മിച്ചത്. അത് വീണ്ടും മിനുക്കി ഭംഗിയാക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കണക്കാകുന്നുവെന്ന് നന്ദൻ പറഞ്ഞു. ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ സ്വർണവാതിൽ, പഴുക്കാമണ്ഡപം എന്നിവ നിർമ്മിച്ചതും നന്ദനാണ്. 2011ൽ കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെലോഷിപ്പും 2022ൽ ഫോക്‌ലോർ അക്കാഡമി അവാർഡും ലഭിച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രം, മൂകാംബിക ക്ഷേത്രം തുടങ്ങി കേരളത്തിനകത്തും പുറത്തും നിരവധി ദാരുശിൽപ്പങ്ങൾ നിർമ്മിച്ചിട്ടുള്ള നന്ദൻ അന്തരിച്ച ദാരുശിൽപ്പി എളവള്ളി നാരായണൻ ആചാരിയുടെയും പാറുക്കുട്ടിയുടെയും മകനാണ്. നിലവിൽ പൊന്നാനി തൃക്കാവ് ഭഗവതി ക്ഷേത്രം, പത്തനംതിട്ട തടിയൂർ രാജരാജേശ്വരി ക്ഷേത്രം മുതലായ ക്ഷേത്രങ്ങളുടെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുകയാണ് നന്ദൻ.