drugs
1

ഇരിങ്ങാലക്കുട : കരുവന്നൂർ ചേലക്കടവിലെ സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയയുടെയും കൂത്തരങ്ങായി മാറിയ നഗരസഭാ കെട്ടിടങ്ങൾ ഈ മാസം 12നകം പൊളിച്ചുനീക്കുമെന്ന് നഗരസഭാ സെക്രട്ടറി എം.എച്ച്. ഷാജിക്. ഈ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നഗരസഭാ യോഗം തീരുമാനമെടുത്തിട്ടും നടപടികൾ നീണ്ടുപോകുന്നതിൽ പ്രതിഷേധവുമായി ശനിയാഴ്ച പ്രദേശവാസികൾ നഗരസഭയിലെത്തി പ്രതിഷേധിച്ചിരുന്നു. കെട്ടിടങ്ങൾ ലഹരി മാഫിയയുടെ വിൽപ്പന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞെന്നും കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ടു പേരെ ഇവിടെ തമ്പടിച്ചവർ ആക്രമിച്ചെന്നും രാത്രി അതുവഴി നടക്കാൻ പറ്റാത്ത സാഹചര്യമാണെന്നും ചേലക്കടവിൽ നിന്നെത്തിയ വീട്ടമ്മമാർ അടക്കമുള്ളവർ ചൂണ്ടിക്കാട്ടി. പൊലീസ് നിഷ്‌ക്രിയമാണെന്നും കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത് വരെ സ്ഥലത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഉറപ്പ് ലഭിക്കാതെ തങ്ങൾ മടങ്ങുകയില്ലെന്നും പ്രതിഷേധക്കാർ ആവർത്തിച്ചു.

രണ്ടാം വാർഡ് കരുവന്നൂർ ചേലക്കടവിലെ നഗരസഭ ഉപേക്ഷിച്ച കെട്ടിടങ്ങളിലാണ് സാമൂഹിക വിരുദ്ധ പ്രവർത്തനവും ലഹരി മാഫിയയുടെ വിലസലും നടക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ യോഗം കെട്ടിടങ്ങൾ ഉടൻ പൊളിച്ചുനീക്കാൻ തീരുമാനമെടുത്തിരുന്നു. നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ ചേലക്കടവ് നിവാസികൾ ഇന്നലെ നഗരസഭാ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയിയുടെ മുന്നിലെത്തിയത്.
രണ്ടു വർഷമായി ഇക്കാര്യം വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാറും നിരവധി തവണ സെക്രട്ടറിയോട് സൂചിപ്പിച്ചിട്ടുണ്ടെന്ന് കൗൺസിലർ അൽഫോൺസ തോമസും കൂടുതൽ സാവകാശം ഇനി അനുവദിക്കാൻ കഴിയില്ലെന്ന് കൗൺസിലർ ടി.കെ ഷാജുവും പറഞ്ഞു. പരാതി നൽകിയവരുടെ ഹിയറിംഗ് നടപടികൾ അടുത്ത ദിവസം തന്നെ പൂർത്തിയാക്കുമെന്നും രണ്ടു വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചശേഷം ഈ മാസം 12നകം മുഴുവൻ വീടുകളും പൊളിച്ചു നീക്കുമെന്നും നഗരസഭാ സെക്രട്ടറി എം.എച്ച്. ഷാജിക്ക് ഉറപ്പ് നൽകിയ ശേഷമാണ് സമരക്കാർ മടങ്ങിയത്.

വിഷയത്തിൽ കൗൺസിൽ നടപടികൾ സ്വീകരിച്ച് വരികയാണ്. ഇതിനിടെ വീടുകൾ പൊളിച്ചു നീക്കുന്ന നടപടിയിൽ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ സന്തോഷ് ബോബന്റെ നേതൃത്വത്തിൽ പരാതി ലഭിച്ചിട്ടുണ്ട്. പരാതി നൽകിയവരുടെ ഹിയറിംഗ് നടപടി പൂർത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം ആവശ്യമായ നടപടി സ്വീകരിക്കും.

- മേരിക്കുട്ടി ജോയ്

(നഗരസഭാ ചെയർപേഴ്‌സൺ)