 
തൃശൂർ: കൃഷിയിൽ ലാഭം കൊയ്യാൻ വെള്ളാനിക്കര കാർഷിക സർവകലാശാല പച്ചക്കറി ശാസ്ത്ര വിഭാഗം വികസിപ്പിച്ചെടുത്ത തണ്ണിമത്തൻ ഇനങ്ങളായ സ്വർണയും ശോണിമയും. ഒരേക്കറിൽ കൃഷി ചെയ്താൽ മൂന്ന് മാസം കൊണ്ട് വിളവെടുത്ത് ഒന്നര ലക്ഷം ലാഭം നേടാം. നവംബർ-ഡിസംബർ മാസത്തിലാണ് കൃഷിയിറക്കേണ്ടത്. സാധാരണ തണ്ണിമത്തനിൽ നിന്നും (ഷുഗർ ബേബി) വ്യത്യസ്തമായ പോഷകാംശം കൂടുതലുള്ള കുരുവില്ലാത്ത അത്യുത്പാദന ശേഷിയുള്ള ഇനങ്ങളാണിവ. പത്ത് കൊല്ലം മുമ്പാണ് പച്ചക്കറി ശാസ്ത്രവിഭാഗം മേധാവി ഡോ.ടി.പ്രദീപ് കുമാർ തണ്ണിമത്തൻ വികസിപ്പിച്ചത്. ഇതിലുള്ള സിട്രുലിൻ എന്ന അമിനോ അമ്ലം രക്തചംക്രമണം കൂട്ടുന്നതിനാൽ കായിക താരങ്ങൾക്ക് ഏറെ ഗുണകരമാണ്. കാൻസർ പ്രതിരോധത്തിനും സഹായിക്കുന്നു. ഇന്ത്യയിൽ കുരുവില്ലാത്ത തണ്ണിമത്തൻ ഹൈബ്രിഡുകളുടെ വിത്തുകൾ ലഭിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ് കാർഷിക സർവകലാശാല. കർഷകർക്ക് കിലോയ്ക്ക് 40 രൂപയ്ക്ക് ലഭിക്കും. സൂര്യപ്രകാശം ലഭിക്കുന്ന വയൽ പ്രദേശങ്ങളിലും കരയിലും കൃഷി ചെയ്യാം. അഞ്ച് വരി ശോണിമയോ സ്വർണയ്‌ക്കോ ശേഷം ഒരു വരി ഷുഗർബേബി നടണം. വിത്ത് സ്യൂഡേമോണാസ് ലായനിയിൽ 12 മണിക്കൂർ കുതിർത്ത ശേഷം നടുന്നത് നല്ലതാണ്. മുളയ്ക്കാൻ ഒരാഴ്ചയിലധികമെടുക്കും. നിലമൊരുക്കുമ്പോൾ കുമ്മായവും ചേർക്കണം.
പോഷകത്തിന്റെ കലവറ
സ്വർണയിലും ശോണിമയിലും ആൻഡി ഓക്‌സിഡന്റുകളും അമിനോ അമ്ലങ്ങളും ധാരാളമുണ്ട്. സിട്രുലിൻ എന്ന അമിനോ അമ്ലത്തിന്റെ പ്രകൃതിയിൽ ലഭ്യമായ ഏറ്റവും മികച്ച കലവറയാണിവ. തിന്നുമ്പോൾ സിട്രുലിൻ വിഭജിച്ച് ആർജിനിൻ എന്ന അമിനോ അമ്ലമുണ്ടാകുന്നു. ശരീരത്തിലെ ആന്തരിക അവയവങ്ങളിലുണ്ടാകുന്ന അമോണിയയെ ഇത് നിർവീര്യമാക്കും. സ്വർണയിലും ശോണിമയിലും സാധാരണ തണ്ണിമത്തനേക്കാൾ ഒന്നര മടങ്ങ് കൂടുതൽ സിട്രുലിനുണ്ട്. മികച്ച വാജീകരണ ഔഷധവുമാണ്. രക്തസമ്മർദ്ദത്തിനും ഹൃദയ സംബന്ധിയായ അസുഖങ്ങൾക്കും നല്ലതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കും. വിത്ത് ലഭിക്കാൻ ബന്ധപ്പെടേണ്ട ഫോൺ: 9188248481.
സ്വകാര്യ കമ്പനികൾ പുറത്തിറക്കിയ ഒട്ടേറെ ഹൈബ്രിഡുകളുണ്ടെങ്കിലും ഇവയുടെ പ്രത്യേകത അനുപമമാണ്.
ഡോ.ടി.പ്രദീപ് കുമാർ.
പച്ചക്കറി ശാസ്ത്രവിഭാഗം മേധാവി