p

തൃശൂർ: സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ ഷെയർ ട്രേഡിംഗ് സംബന്ധിച്ച ഓൺലൈൻ പരിശീലനത്തിൽ പങ്കെടുത്ത ഇരിങ്ങാലക്കുടയിലെ ബി.കോം വിദ്യാർത്ഥിയെ തേടിയെത്തിയത് തെലങ്കാന പൊലീസിന്റെ കത്ത്. വിദ്യാർത്ഥിയുടെ അക്കൗണ്ട് വഴി സൈബർ തട്ടിപ്പുകാർ പന്ത്രണ്ട് ലക്ഷത്തോളം രൂപ ഇടപാട് നടത്തിയ കേസിൽ പ്രതിയാണെന്ന അറിയിപ്പാണ് കിട്ടിയത്.
കേസിൽ നിന്ന് രക്ഷപ്പെടാൻ അലയുകയാണ് വിദ്യാർത്ഥിയും കുടുംബവും. തെലങ്കാനയിലായതിനാൽ കേസ് നടത്താനുള്ള പരിമിതിയും അലട്ടുന്നു. ഷെയർ ട്രേഡിംഗ് പഠനവിഷയമായ വിദ്യാർത്ഥി പഠനത്തോടൊപ്പം ചെറുവരുമാനം നേടാനാണ് ശ്രമിച്ചത്. തട്ടിപ്പുകാർ അയച്ചുകൊടുത്ത ലിങ്ക് ഉപയോഗിച്ചാണ് പുതുതലമുറ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. യൂസർനെയിം, പാസ്‌വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ തട്ടിപ്പുകാർ ചോർത്തി. സമാന രീതിയിലുള്ള തട്ടിപ്പ് സംസ്ഥാനത്ത് കൂടുന്നതായി സൈബർ പൊലീസ് പറയുന്നു.
പോക്കറ്റ് മണിക്കായി അക്കൗണ്ട് വാടകയ്ക്ക് നൽകുന്ന വിദ്യാർത്ഥികൾ ഇതിനു മുമ്പ് കുടുങ്ങിയിട്ടുണ്ട് . മലപ്പുറം കോട്ടയ്ക്കൽ കാവതിക്കളം സ്വദേശി മുഹമ്മദ് ഹുസൈന് (24) അക്കൗണ്ടിൽ വന്ന നാല് ലക്ഷം പിൻവലിച്ച് കൊടുത്തതിന് 3,500 രൂപ ലഭിച്ചിരുന്നു. ഈറോഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു.

വ്യാജ വെർച്വൽ അറസ്റ്റിലെ

തട്ടിപ്പുപണം മാറാൻ

ഇല്ലാത്ത കേസ് ഉണ്ടെന്നുപറഞ്ഞ് കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വേഷത്തിൽ വീഡിയോ കോൾ വഴി വ്യാജ വെർച്വൽ അറസ്റ്റ് നടത്തി ഇരകളിൽ നിന്ന് വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്കാണ് പണം അയയ്പ്പിക്കുന്നത്. അതിൽ നിന്ന് പണം തട്ടിപ്പുകാർ പിൻവലിക്കുകയോ മാറ്റുകയാേ ചെയ്യും. ചിലർ കമ്മിഷൻ കിട്ടുമെന്ന പ്രലോഭനത്തിൽ വീണ് ഇടപാട് നടത്താൻ സ്വന്തം അക്കൗണ്ട് വാടകയ്ക്ക് നൽകാറുണ്ട്.

കേരളത്തിലെ സൈബർ കുറ്റകൃത്യം

 2021..... 626

 2022..... 773

 2023..... 3295

 2024..... 2825 (സെപ്തംബർ വരെ)