വ്യാപാരികൾ തയ്യാറായപ്പോൾ പിന്മാറ്റവഴിയിൽ കോർപറേഷൻ
തൃശൂർ: ഏറ്റവും തിരക്കേറിയ എം.ജി റോഡിന്റെ വികസനത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 18 വർഷം, കണ്ണുതുറക്കാതെ കോർപറേഷൻ. വികസനം ഉടനെന്ന് മേയർ എം.കെ. വർഗീസ് ഉറപ്പ് നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികളൊന്നുമില്ലെന്നാണ് വ്യാപാരികളുടെ കുറ്റപ്പെടുത്തൽ. സ്വരാജ് റൗണ്ടിൽ നിന്ന് അയ്യന്തോളിലെ കളക്ടറേറ്റിലേക്കുള്ള പ്രധാന റോഡാണിത്.
വ്യാപാരികളുമായി നിരവധിതവണ ചർച്ചകൾ നടത്തിയശേഷമാണ് റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലെത്തിയത്. സ്വരാജ് റൗണ്ട് മുതൽ പടിഞ്ഞാറെക്കോട്ട എത്തുന്നതിനു മുമ്പുള്ള സിഗ്‌നൽ വരെ റോഡ് വീതികൂട്ടുന്നതിനാണ് നടപടികൾ പൂർത്തിയായത്. ഇതുവരെ 18 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതിനാണ് ധാരണായായിട്ടുള്ളത്.
നിർമ്മാണത്തിനായി വർഷങ്ങൾക്ക് മുൻപേ വ്യാപാര സ്ഥാപനങ്ങളിൽ അടയാളപ്പെടുത്തിയിരുന്നു. സ്ഥാപനം നഷ്ടപ്പെടുന്നവർക്ക് ശക്തനിൽ കടമുറികളും പണികഴിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഈ കെട്ടിടത്തിൽ വൈദ്യുതി കണക്‌ഷനോ നമ്പറോ നൽകിയിട്ടില്ല. 12 കടമുറികളാണ് പണി കഴിപ്പിച്ചിട്ടുള്ളത്.
അയ്യന്തോളിൽ നിന്നുള്ള മോഡൽ റോഡിന്റെ നിർമാണം പൂർത്തിയായിട്ട് വർഷങ്ങളായി. പടിഞ്ഞാറെക്കോട്ട മുതൽ സ്വരാജ് റൗണ്ട് വരെയാണ് റോഡിന് വീതിയില്ലാത്തത്. രാഷ്ട്രീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും പ്രകടനങ്ങളും ഇതുവഴി വരുന്നതോടെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് പതിവാണ്. എം.ജി റോഡിലെ കുരുക്കഴിക്കാൻ പൊലീസ് പല പരീക്ഷണങ്ങളും നോക്കിയെങ്കിലും ഫലം കാണുന്നില്ല. റോഡ് വികസനമല്ലാതെ മറ്റ് പോംവഴികളില്ലെന്നാണ് പൊലീസിന്റെയും നിലപാട്.
ഉറച്ച നിലപാടില്ലാതെ മേയർ
രാഷ്ട്രീയ ഇടപെടലാണ് എം.ജി റോഡ് വികസനത്തിന് തടസമെന്നാണ് ഉയരുന്ന ആരോപണം. റോഡ് വീതി കൂട്ടാൻ മേയർ ഒരുക്കമാണെങ്കിലും ഇപ്പോൾ വേണ്ടെന്ന നിലപാടിലാണത്രെ നേതൃത്വം. തന്നെ വന്നുകണ്ട വ്യാപാരികളോട് ഉടൻ വികസനം നടപ്പാക്കുമെന്ന് പറയാനേ മേയർക്ക് കഴിയുന്നുള്ളൂ.
ഭരണകക്ഷിയുടെ അനാസ്ഥയെന്ന് പ്രതിപക്ഷം
കോർപറേഷൻ ഭരണകക്ഷിയുടെ അനാസ്ഥയാണ് വർഷങ്ങളായി എം.ജി റോഡ് വികസനം മുടങ്ങാൻ കാരണമെന്ന് പ്രതിപക്ഷം. രാജൻ പല്ലൻ മേയറായിരുന്ന കാലത്താണ് സ്വരാജ് റൗണ്ടിനോട് ചേർന്ന് എം.ജി റോഡിന്റെ വികസനം നടന്നത്. തുടർന്ന് വ്യാപാരികളുമായി റോഡിന്റെ വീതി സംബന്ധിച്ച് ചില തർക്കങ്ങൾ നില നിന്നതിനാലാണ് വികസനം അന്ന് നടത്താൻ കഴിയാതിരുന്നത്.