1

ചെറുതുരുത്തി: ചെറുതുരുത്തിയിലെ കോൺഗ്രസ് - സി.പി.എം സംഘർഷത്തിൽ ചെറുതുരുത്തി പൊലീസ് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു. സി.പി.എം പ്രവർത്തകരായ നാലുപേർക്കെതിരെയും രണ്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. അഞ്ചു കേസുകളിലായി 56 ഓളം രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മാരക ആയുധങ്ങളുമായി ആക്രമണം നടത്തൽ, അനുവാദമില്ലാതെ സംഘം ചേരൽ, അനുവാദമില്ലാതെ പ്രകടനം നടത്തൽ, പൊതുസ്ഥലത്ത് സംഘർഷം സൃഷ്ടിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച നാലോടെയാണ് സംഘർഷമുണ്ടാകുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും മാർച്ച് നടത്തുകയും ചെയ്തിരുന്നു. സി.പി.എമ്മും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.