1

തൃശൂ‌ർ: സുരക്ഷയോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ റെയിൽവേ ട്രാക്കിൽ പൊലിയുകയാണ് ജീവനുകൾ. ഇന്നലെ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയിൽവേ ഓവർ ബ്രിഡ്ജിൽ മാലിന്യം നീക്കുന്നതിനിടെ മൂന്നുപേർ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തതാണ് ഒടുവിലത്തേത്. ട്രാക്കിൽ അറ്റകുറ്റപ്പണി ചെയ്യുന്നവർക്ക് 'രക്ഷക്' സംവിധാനം നടപ്പാക്കണമെന്ന ആവശ്യം പോലും ഇതുവരെ റെയിൽവേ പരിഗണിച്ചിട്ടില്ല.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ആലുവ മുതൽ കോഴിക്കോട് വരെ പരിശോധനാ ട്രെയിനിൽ സഞ്ചരിച്ച് നിരീക്ഷണം നടത്താൻ നിശ്ചയിച്ചിരുന്നു. മന്ത്രിയുടെ വരവിന്റെ ഭാഗമായി ശുചീകരണം നടത്തുന്നതിനിടെയാണ് റെയിൽവേയുടെ ശുചീകരണ കരാറുകാരന്റെ നാല് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. മരിച്ചവരെല്ലാം സേലം സ്വദേശികളും ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്.

സാധാരണയായി റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് ശുചീകരണം നടത്താറുള്ളത്. കേന്ദ്ര റെയിൽവേ മന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണം അപകടക്കെണിയായി മാറുകയായിരുന്നു. ഷൊർണൂ‌ർ റെയിൽവേ സ്റ്റേഷനിലെ ആരോഗ്യവിഭാഗത്തിന് വീഴ്ച വന്നതായാണ് പ്രാഥമിക നിഗമനം. ശുചീകരണം കരാറെടുത്ത കമ്പനിയിലെ താത്കാലിക ജോലിക്കാരാണ് മരിച്ചവരെല്ലാം.

എന്നുവരും 'രക്ഷക്'

ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നവർ ഇന്നും ഭീതിയോടെയാണ് തൊഴിലെടുക്കുന്നത്. ട്രാക്കിൽ പണിയെടുക്കുന്നവരുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ രക്ഷക് സംവിധാനം ചിലയിടങ്ങളിൽ മാത്രമേയുള്ളൂ. ആയിരക്കണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിന് രാപകൽ വ്യത്യാസമില്ലാതെ ട്രാക്കുകളിൽ ജോലിയെടുക്കുന്ന കീമാൻമാരാണ് കൂടുതലും ട്രാക്കിൽ അപകടത്തിൽപ്പെടുന്നത്. അടുത്തിടെ തിരുവനന്തപുരം ഡിവിഷനിൽ മാത്രം 13 സ്ഥിരം ട്രാക്ക് ജീവനക്കാർ ട്രെയിൻ തട്ടി മരിച്ചിരുന്നു. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടിൽ ജോയി എന്ന ശുചീകരണ തൊഴിലാളിയുടെയും തൃശൂരിൽ കീമാൻമാരായ ഉത്തമൻ, ഹർഷകുമാർ, പ്രമോദ്കുമാർ എന്നിവരും ട്രാക്കിൽ പൊലിഞ്ഞവരാണ്.

കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയേക്കും

റെയിൽവേ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് കാര്യങ്ങളിൽ റെയിൽവേ അധികൃതരുടെ നിസംഗതയെക്കുറിച്ച് ഇന്ന് തൃശൂരിലെത്തുന്ന റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ നീക്കം. റെയിൽവേ ജീവനക്കാരുടെ സംഘടനകൾ ഇക്കാര്യം മന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കും. രക്ഷക് ഉൾപ്പടെയുള്ള ആവശ്യത്തിനായി ഏറെ നാളുകളായി സമരം ചെയ്തു വരികയാണ്. ട്രിച്ചി പോലുള്ള ഡിവിഷനുകളിൽ രക്ഷക് നടപ്പാക്കിയിരുന്നു. ട്രാക്കിലെ അപകടങ്ങളിൽ നിന്നും രക്ഷ നേടുന്നതിനാണ് രക്ഷക് എന്ന വാക്കി ടോക്കി സംവിധാനം. വളരെ ദുസ്സഹമായ സാഹചര്യത്തിൽ പണിയെടുക്കുന്നവരുടെ ജീവൻ രക്ഷിക്കുന്നതിൽ റെയിൽവേ കൂടുതൽ ശ്രദ്ധ നൽകണമെന്ന ആവശ്യം ശക്തമാണ്.


അപായക്കെണിയായി റെയിൽവേ പാലം

യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ റെയിൽവേ ജീവനക്കാർക്കും, കരാർ തൊഴിലാളികൾക്കും ഷൊർണൂർ റെയിൽവേ പാലത്തിൽ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. പാലം പുതുക്കി പണിതെങ്കിലും ഇടയ്ക്കുള്ള സേഫ്ടി കാബിനുകൾ രണ്ടെണ്ണം മാത്രമേയുള്ളൂ. പാലത്തിലേക്ക് ട്രെയിൻ വരുന്നത് കണ്ടാൽ സേഫ്ടി കാബിനുകളിലേക്ക് ഓടിക്കയറണം. ഭാരതപ്പുഴയ്ക്ക് കുറുകെ 500 മീറ്ററിലേറെ നീളം വരുന്നതാണ് റെയിൽവേ പാലം. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പാലമാണിത്.