 
ചെറുതുരുത്തി: ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന്റെ മുകളിൽ കേരള എക്‌സ്പ്രസിടിച്ച് മൂന്നുപേർ മരിക്കാനിടയായ സംഭവം റെയിൽപാലത്തിലൂടെ നടക്കുമ്പോൾ കയറി നിൽക്കാൻ പറ്റാത്ത കാരണത്താലുമെന്ന് സൂചന.
നാലു മാസം മുമ്പ് റെയിൽവേ പാലത്തിന് മുകളിലെ ഗർഡറുകൾ പൂർണ്ണമായും മാറ്റിയിരുന്നു. അതിനാൽ ട്രെയിൻ വരുന്ന സമയങ്ങളിൽ പാലത്തിൽ നിന്നും കയറി നിൽക്കുന്നതിന് ഉപയോഗിക്കുന്ന ട്രോളി സീറ്റുകൾ രണ്ടെണ്ണം മാത്രമാണുണ്ടായത്. പത്തോളമെങ്കിലും ഈ ദൂരത്ത് വേണ്ടതാണ്. അരക്കിലോമീറ്ററിലേറെ ദൂരമുണ്ട് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലത്തിന്. 50 മീറ്ററിൽ ഒരു ട്രോളി സീറ്റെങ്കിലും വേണമെന്നാണ് കണക്ക്. പക്ഷേ ഇപ്പോൾ 150 മീറ്ററെങ്കിലും അകലത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. അതിനാൽ ട്രെയിൻ കണ്ടയുടനെ ജീവനക്കാർ ഓടിയെങ്കിലും ഈ ഭാഗത്ത് എത്തുന്നതിന് മുമ്പേ ട്രെയിൻ ഇടിക്കുകയായിരുന്നു. രണ്ട് സ്ത്രീകൾ ട്രെയിനിടിച്ച് റെയിൽപാളത്തിൽ നിന്നും ഭാരതപ്പുഴയിൽ റെയിൽവേയുടെ ഉപേക്ഷിക്കപ്പെട്ട ഇരുമ്പു ആക്രികളിലേക്ക് തന്നെയാണ് വീണത്. ഇത് റെയിൽവേ നവീകരണ ശേഷം ഇവിടെ നിന്നും മാറ്റിയിട്ടുമില്ല. നിരവധി ഷീറ്റുകൾ പാലത്തിന് താഴെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നുമുണ്ട്. ഇത് വീഴ്ചയിൽ മുറിവിന്റെ വ്യാപ്തി കൂട്ടി. ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എറണാകുളത്ത് നിന്നും കോഴിക്കോട്ട് ട്രെയിൻ മാർഗമുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണ്.
റെയിൽവേ പ്രദേശം ശുചീകരിക്കുന്നതിന് ചെന്നൈയിലെ ഒരു സ്വകാര്യ ഏജൻസിക്കാണ് കരാർ. ഇവരുടെ കീഴിൽ ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട് പ്രദേശങ്ങളിൽ അഞ്ച് മാസമായി ജോലി ചെയ്യുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. ഷൊർണൂർ പൊലീസ്, ചെറുതുരുത്തി പൊലീസ്, റെയിൽവേ പൊലീസ്, അഗ്‌നിശമന സേനാംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം കണ്ടെടുത്തത്.