തൃശൂർ: തൃശൂർ പൂരം നടത്തിപ്പിന്റെ ഭാഗമായുണ്ടാകുന്ന ആനപ്പിണ്ടവും പട്ടയും ഉൾപ്പെടെ ജൈവ മാലിന്യങ്ങൾ ഇനിയെവിടെ സംസ്‌കരിക്കുമെന്നറിയാതെ സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. കഴിഞ്ഞ പൂരം വരെ മാലിന്യങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ പള്ളിത്താമം ഗ്രൗണ്ടിലാണ് സംസ്‌കരിച്ചത്. ഇനിയത് പറ്റില്ലെന്ന് കളക്ടർ മുഖേന ബോർഡ് ദേവസ്വങ്ങൾക്ക് കത്തു നൽകി.

മാലിന്യം സ്വന്തം നിലയ്ക്ക് സംസ്‌കരിക്കാനാണ് നോട്ടിസിലെ നിർദ്ദേശം. എന്നാൽ ദേവസ്വങ്ങൾക്ക് ഇതിനുള്ള സ്ഥലമില്ല. കോർപറേഷനാണ് ഇതിന്റെ ഉത്തരവാദിത്വമെന്ന് ദേവസ്വങ്ങൾ പറയുന്നു. മൈതാനിയിൽ നടക്കുന്ന മറ്റ് പരിപാടികളുടെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത് കോർപറേഷനാണ്. എന്നാൽ തൃശൂർ പൂരം മാലിന്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. പൂരത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ എഴുന്നെള്ളിപ്പിനെ തുടർന്നുണ്ടാകുന്ന മാലിന്യം ആര് സംസ്‌കരിക്കുമെന്നും സംഘാടകർ ചോദിക്കുന്നു. പൂരം പ്രദർശനത്തിന്റെ തറവാടകപ്രശ്‌നവും ഉയർത്തിയതും വെടിക്കെട്ട്, ആനയെഴുന്നെള്ളിപ്പ് നിയന്ത്രണങ്ങളും ആശങ്കയുണ്ടാക്കുന്നുണ്ട്.

തറവാടക നൽകിയത് 42 ലക്ഷം

പൂരം പ്രദർശനത്തിന്റെ തറവാടക 23 ലക്ഷമായിരുന്നത് 2.18 കോടിയാക്കിയത് വിവാദമായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുമായി നടന്ന ഓൺലൈൻ യോഗത്തിൽ നിലവിലുള്ള സ്ഥിതി തുടരാൻ നിർദ്ദേശമുണ്ടായി. എന്നിട്ടും എട്ട് ശതമാനം വർദ്ധിപ്പിച്ച് 42 ലക്ഷം സംഘാടകർ കൊടുത്തു. ചെറിയ വർദ്ധനവാകാമെന്ന് ദേവസ്വങ്ങൾ സമ്മതിച്ചതനുസരിച്ചാണിത്.


കൈയൊഴിഞ്ഞ് കോർപറേഷൻ

പൂരം സംഘാടകരായ ദേവസ്വങ്ങൾ മാലിന്യം സംസ്‌കരിക്കുന്നതിന് സ്ഥലം കണ്ടെത്തി തന്നാൽ മാലിന്യങ്ങൾ അവിടെയെത്തിക്കും. അല്ലാതെ രണ്ട് ദിവസം കൊണ്ടുണ്ടാകുന്ന മുപ്പത് ടണ്ണോളം മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം കോർപ്പറേഷനില്ല. ആ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ല.

കോർപറേഷൻ


മാലിന്യ സംസ്‌കരണം കോർപറേഷന്
മാലിന്യ സംസ്‌കരണം കോർപറേഷൻ ചെയ്യേണ്ടതാണ്. എവിടെയെങ്കിലും കൊണ്ടുപോയിടാനാകില്ല. പൂരം പ്രദർശനത്തിൽ നിന്നുള്ള വിഹിതം കൊച്ചിൻ ദേവസ്വം ബോർഡിനും നൽകുന്നുണ്ട്. പൂരത്തിന്റെ ചെലവുകൾക്കു കൂടിയാണിത്. പൂരത്തിന്റെ മറ്റെല്ലാ ചെലവുകളും പൂരം സംഘാടകരാണ് വഹിക്കുന്നത്. മറ്റ് പരിപാടികളുടേതടക്കം ക്ഷേത്ര മൈനാനിയിലെ ലൈറ്റ്, ടാറിംഗ്, ശുചീകരണം എന്നിവ പൊതുവെ ചെയ്യുന്നത് കോർപറേഷനാണ്.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ

സംഘാടകർ മറ്റ് സ്ഥലം കണ്ടെത്തണം
ബോർഡിന്റെ കീഴിലുള്ള പള്ളിത്താമം ഗ്രൗണ്ടിൽ മാലിന്യം കുഴിച്ചു മൂടുന്നത് ഭാവിയിൽ ഇവിടെ നടത്താനിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് തടസമാകും. അതുകൊണ്ട് വരാനിരിക്കുന്ന പൂരത്തിന്റെ മാലിന്യ സംസ്‌കരണത്തിന് സംഘാടകർ മറ്റൊരു സ്ഥലം കണ്ടെത്തണം.

കൊച്ചിൻ ദേവസ്വം ബോർഡ്