dog
1

കൊടുങ്ങല്ലൂർ : എടവിലങ്ങ് പഞ്ചായത്തിലെ കാര ഉൾപ്പെടെയുള്ള തീരമേഖലകളിൽ തെരുവ് നായ ശല്യം രൂക്ഷം. നായശല്യം മൂലം വളർത്തുമൃഗങ്ങൾക്കും വഴിയാത്രക്കാർക്കും സുരക്ഷിതത്വം ഇല്ലാതായിരിക്കയാണ്. കാര പഞ്ചായത്ത് ഗ്രൗണ്ട്, കാര മൗണ്ട് കാർമ്മൽ പള്ളി കോമ്പൗണ്ട്, എടവിലങ്ങ് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്റർ പരിസരം, ഒഴിഞ്ഞ പറമ്പുകൾ, പുല്ല് വളർന്ന് കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തെരുവു നായ്ക്കൾ വിലസുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം പെട്ടെന്നാണ് പ്രദേശത്ത് നായകളുടെ ശല്യം രൂക്ഷമായത്. പല സ്ഥലങ്ങളിലും നായകൾ വിഹരിക്കുകയാണ്. പരസ്പരം കടിപിടികൂടി നായ്ക്കൾ പൊതു ഇടങ്ങളിലേക്ക് ഓടിക്കയറുകയും അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് പതിവായിരിക്കയാണ്. വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും മുട്ടക്കോഴികൾ ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെ പിടികൂടുന്നതും പതിവായിരിക്കയാണ്.

കൊലപ്പെടുത്തിയത് 15 കോഴികളെ
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്നാംവാർഡിലെ നെടുംപറമ്പിൽ ഷിബു, അരോളിൽ ഹനീഫ എന്നിവരുടെ മുട്ടയിടുന്ന 10 ഉം 15 ഉം നാടൻ കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തി. ഒരു സമയം കഴിഞ്ഞാൽ കാൽനട യാത്രക്കാർക്കും രാത്രി സഞ്ചാരികൾക്കും മോട്ടോർസൈക്കിളുകളിലും മറ്റും യാത്ര ചെയ്യുന്നവർക്ക് നേരേ കുരച്ച് ചാടുന്നതും അപകടങ്ങൾ ഉണ്ടാവുന്നതും പതിവായിരിക്കയാണ്.

അടിയന്തരമായി പഞ്ചായത്ത് അധികൃതരും വെറ്ററിനറി വിഭാഗവും ഇടപെട്ട് വന്ധ്യകരണം ഉൾപ്പെടെയുള്ള നൂതന മാർഗങ്ങളിലൂടെ തെരുനായ ശല്യം നിയന്ത്രിച്ച് ജീവനും സ്വത്തിനും സംരക്ഷണം നൽകണം.
- ബെന്നി കാവാലംകുഴി
- ബഷീർ കൊല്ലത്തുവീട്ടിൽ
(എടവിലങ്ങ് മണ്ഡലം ലീഡർ സ്മൃതി കേന്ദ്രം)