
തൃശൂർ : കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ ബി.ജെ.പി തൃശൂർ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് സി.പി.എമ്മിന്റെ ആയുധമാണെന്നും,അയാൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എ.കെ.ജി സെന്ററാണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പറഞ്ഞു. കോഴപ്പണം സംബന്ധിച്ച് എന്തെങ്കിലുമുണ്ടെങ്കിൽ പുറത്തു പറഞ്ഞോളൂവെന്നും, സംഘടനാ തിരഞ്ഞെടുപ്പിൽ തനിക്കത് ഗുണം ചെയ്യുമെന്നും താൻ പറഞ്ഞതായി സതീശ് വെളിപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു പ്രതികരണം.
താൻ പാർട്ടിയിൽ നൂലിൽ കെട്ടി ഇറങ്ങി വന്നയാളല്ല. ഗോഡ് ഫാദർ വളർത്തി വിട്ടതുമല്ല. പറയാനുള്ളത്
പാർട്ടിക്കകത്ത് നല്ല തന്റേടത്തോടെ പറഞ്ഞയാളാണ്. സതീശനെക്കൊണ്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പറയിപ്പിച്ച് എനിക്ക് സംസ്ഥാന പ്രസിഡന്റാകാൻ ആരാണ് സതീഷ്?. പ്രസിഡന്റാവാൻ എനിക്ക് എന്താണ് അയോഗ്യത?. ആർ.എസ്.എസ് പ്രവർത്തകനാണെങ്കിൽ ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടാൽ പോകേണ്ടത് ആർ.എസ്.എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്കാണ്. ഇതുപയോഗിച്ച് തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഇല്ലായ്മ ചെയ്യാനാണ് ശ്രമം.
അതേസമയം, ബി.ജെ.പിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് താനുമായി ചർച്ച നടത്തിയിട്ടില്ലെന്ന ഇ.പി.ജയരാജന്റെ വാദം തെറ്റാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. മൂന്ന് തവണ ഇ.പി.യുമായി കൂടിക്കാഴ്ച്ച നടത്തി.ഒന്ന് ദല്ലാൾ നന്ദകുമാറിന്റെ വസതിയിലായിരുന്നു. പിന്നീട് ഡൽഹിയിൽ വച്ച് കണ്ടു. പിറ്റേന്ന് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചിരിക്കെയാണ് മുഖ്യമന്ത്രി വിളിച്ചത്. ഇതോടെ പിന്മാറി.