തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ബി.ജെ.പിക്കും തൃശൂരിലെ അന്നത്തെ ബി.ജെ.പി സ്ഥാനാർത്ഥിക്കും വ്യക്തമായ പങ്കുണ്ടെന്ന് ലോക്‌സഭ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ്.സുനിൽകുമാർ ആവർത്തിച്ചു. ഇത് അന്വേഷിച്ച് തെളിയിക്കേണ്ടത് സർക്കാരിന്റെയും ബന്ധപ്പെട്ടവരുടെയും ഉത്തരവാദിത്തമാണ്. പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ഒരു കേന്ദ്രമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആദ്യം ആംബുലൻസിൽ കയറി വന്നുവെന്നും പിന്നീടു കയറിയില്ലെന്നും പറഞ്ഞ അദ്ദേഹം ഇപ്പോൾ പറയുന്നത് തന്നെ ഗുണ്ടകൾ ആക്രമിച്ചെന്നാണ്. അങ്ങനെ ആക്രമിക്കപ്പെട്ടെങ്കിൽ വിശദമായ അന്വേഷണം നടത്തണം. ബി.ജെ.പിയുടെ ഒരു സമുന്നത നേതാവായ സ്ഥാനാർത്ഥിയുടെ വാഹനം ആക്രമിക്കപ്പെട്ടെങ്കിൽ ജില്ലാ നേതൃത്വം അതിനു മറുപടി പറയണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു.