തൃശൂർ: സാങ്കേതിക - പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിച്ചാൽ നടപ്പാക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചന നൽകിയതോടെ വിവാദമായ സിൽവർ ലൈൻ പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. നിലവിലെ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
റെയിൽവേ ആവശ്യപ്പെടുന്ന രീതിയിൽ പദ്ധതിരേഖ പുതുക്കാമെന്ന് സംസ്ഥാനം അറിയിച്ചിരിക്കുകയാണ്.
അനുമതിതേടി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഡൽഹിയിലെത്തി റെയിൽവേമന്ത്രിയെ കണ്ടിരുന്നു.
ഇന്നലെ ആലുവ മുതൽ കോഴിക്കോടുവരെ തുറന്ന ട്രെയിനിൽ യാത്ര ചെയ്ത് സ്റ്റേഷനുകളും ട്രാക്കുകളും നിരീക്ഷിക്കുന്നതിനിടെ തൃശൂർ സ്റ്റേഷനിൽ വാർത്താസമ്മേളനം നടത്തി കേരളത്തിലെ പദ്ധതികൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.
സിൽവർ ലൈൻ നിലവിലെ പാത വികസനത്തിന് തടസമെന്നായിരുന്നു റെയിൽവേയുടെ വാദം.
കോഴിക്കോട്, കണ്ണൂർ, തൃശൂർ നിർദ്ദിഷ്ട സ്റ്റേഷനുകൾ റെയിൽവേ ഭൂമിയിലാണ്. നിലവിലെ ലൈനുകളുമായി എട്ടു മീറ്റർ അകലമില്ലാത്തതിനാൽ ട്രാക്ക്‌അറ്റകുറ്റപ്പണി അസാദ്ധ്യം.17 ഇടത്ത് റെയിൽവേയുടെ സുരക്ഷാസോണുകളിലൂടെയാണ് പാത. ഒൻപത് ജില്ലകളിലെ 108 ഹെക്ടർ റെയിൽവേഭൂമി വിട്ടുനൽകാനാവില്ലെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ബി.ജെ.പി പദ്ധതിക്ക് എതിരാണ്.
ജനകീയപ്രതിഷേധം കനത്തതോടെ, ഭൂമിയേറ്റെടുക്കലിന് 11ജില്ലകളിലുമുണ്ടായിരുന്ന 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച്, ഓഫീസുകൾ പൂട്ടിയിരുന്നു. 197കിലോമീറ്ററിൽ 8000ത്തോളം മഞ്ഞക്കല്ലുകളിട്ടിരുന്നു. ഇതിനെതിരേ പ്രതിഷേധിച്ചതിന് 11ജില്ലകളിലായി 500ഓളം കേസെടുകളെടുത്തത് പിൻവലിച്ചിട്ടില്ല.
പാത ഇരട്ടിപ്പിക്കൽ
പരിഗണനയിൽ
# ഷൊർണൂർ - പാലക്കാട് -കോയമ്പത്തൂർ റൂട്ടിൽ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകൾ പരിഗണനയിൽ.മംഗളൂരു - ഷൊർണൂർ റൂട്ടിലും മൂന്നും നാലും ട്രാക്കുകൾ.
# ഷൊർണൂർ - എറണാകുളം- കോട്ടയം - തിരുവനന്തപുരം - നാഗർകോവിൽ - കന്യാകുമാരി വരെ മൂന്നാം ട്രാക്ക് ഘട്ടംഘട്ടമായി.
# പാത ഇരട്ടിപ്പിക്കലിന് 460 ഹെക്ടർ ഭൂമി വേണം. 63 ഹെക്ടറാണ് ഏറ്റെടുക്കാനായത്. 14 ശതമാനം മാത്രമാണിത്. ഇതിനായി 2,100 കോടി കേരളത്തിന് നൽകി.
# 35 സ്റ്റേഷനാണ് പൂർണമായി പുതുക്കുക. പത്തു വർഷം മുമ്പ് കേരളത്തിന് ബഡ്ജറ്റിൽ നൽകിയത് 370 കോടിയാണ്. ഇപ്പോൾ 3,000 കോടിയാണ് വകയിരുത്തിയത്.
ശബരി പാത പൂർത്തിയാക്കും
ശബരി റെയിൽപാത യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും റെയിൽവേയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിന്റെ മാതൃക കേരളത്തിന് നൽകുമെന്നും മന്ത്രി പറഞ്ഞു.
വന്ദേഭാരത് കാരണം എറണാകുളം- ആലപ്പുഴ പാസഞ്ചർ ട്രെയിൻ വൈകുന്നുവെന്ന പരാതി
പരിഹാരിക്കാൻ ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും അഭിപ്രായം തേടും.
ആവശ്യമെങ്കിൽ, വന്ദേഭാരത് സർവീസ്കോട്ടയം വഴി തിരിച്ചുവിടാമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, നേതാക്കളായ വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ്, ജില്ല പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, കെ.ആർ.ഹരി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡൽഹിയിൽ ഔദ്യോഗിക പരിപാടിയിലായതിനാൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എത്തിയില്ല.