machad
1

വടക്കാഞ്ചേരി : തൃശൂർ പൂരമടക്കം കേരളത്തിന്റെ ഉത്സവാവേശം ലോകത്തിന്റെ ആഘോഷപ്പെരുമയിലേക്ക്. ഡിസംബർ ആദ്യവാരം ദുബായിൽ നടക്കുന്ന ' മ്മടെ ' തൃശൂർ പൂരത്തിൽ ഇത്തവണ വൈവിദ്ധ്യങ്ങളേറെ. മച്ചാട് മാമാങ്കത്തിന്റെ മുഖ്യആകർഷണമായ അശ്വവേതാളവും (മാമാങ്ക കുതിര) ചരിത്രത്തിലാദ്യമായി കടൽ കടക്കും. പുതിയത് നിർമ്മിച്ചാണ് കപ്പൽമാർഗം ദുബായിലെത്തിക്കുന്നത്. ഇതോടൊപ്പം അഞ്ച് പൂക്കാവടികളും, നിലക്കാവടികളും കടൽ കടക്കും. വാദ്യപ്രമാണികളുടെ നേതൃത്വത്തിലുള്ള കലാകാരന്മാരും പൂര നടത്തിപ്പ് സംഘത്തിലുണ്ടാകും. മച്ചാട് ദേശനിവാസികളായ പ്രവാസിക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മച്ചാട് മാമാങ്ക കുതിര എഴുന്നള്ളിപ്പ്.
മച്ചാട് മാമാങ്കത്തിന് എഴുന്നള്ളിക്കുന്ന അശ്വവേതാള നിർമ്മാണം ഏറെ ശ്രമകരമായ ജോലിയാണ്. ദേശ തച്ചൻ മുതൽ എല്ലാവരും കണ്ണിയാകും. ഭീമൻ തണ്ടുകൾ, മുള, ചാക്ക് ചരട്, വൈക്കോൽ, തുണികൾ, മുടി, അലങ്കാരങ്ങൾ, പൂമാല, ലൈറ്റുകൾ എന്നിവയാണ് അസംസ്‌കൃത വസ്തുക്കൾ. ദിവസങ്ങളോളം എടുത്താണ് നിർമ്മാണം പൂർത്തിയാക്കുക. കടൽ കടക്കുന്ന മച്ചാട് ദേശക്കുതിരയുടെ ശിൽപ്പി കെ.എസ്.ബിജുവാണ്. പി.കെ.ഗീജേഷ്, എ.കെ.മണികണ്ഠൻ, ബിനോയ്, കെ.ടി.വേണു, സുനിത സജീഷ്, ബാലൻ എടമന തുടങ്ങിയവരും കണ്ണികളായി. കരുമത്ര കുടുംബാട്ടുകാവ് ക്ഷേത്രത്തിൽ പൊയ് ക്കുതിരയ്ക്ക് തലവച്ച് ആടയാഭരണം ചാർത്തി. മച്ചാട് ഇളയത് അരീക്കരയില്ലത്ത് കൃഷ്ണകുമാർ ഇളയത് കുതിരയെ കൈമാറി. പ്രവാസി സംഘടനകൾക്കായി വിഷ്ണു അന്നകര ഏറ്റുവാങ്ങി. ദിനേശൻ തടത്തിൽ, കെ.സുധീഷ്, കെ.രാമചന്ദ്രൻ, ഐശ്വര്യ ഉണ്ണി, പി.കെ.രാമചന്ദ്രൻ, ശിവദാസൻ കോട്ടയിൽ, പി.വാസുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.


മച്ചാട് മാമാങ്കത്തിന് എഴുന്നള്ളിക്കുന്നത് കുതിരയല്ല. അശ്വവേതാളമാണ്. ഭദ്രകാളിയുടെ വാഹനമാണിത്. പറയെടുപ്പിന് ഭഗവതി എഴുന്നള്ളുന്നതും മാമാങ്കത്തിന് എഴുന്നള്ളിക്കുന്നതും അശ്വ വേതാളത്തെയാണ്.

കൃഷ്ണകുമാർ ഇളയത്
പാരമ്പര്യ അവകാശി