thadakam
1

പാവറട്ടി : കളിമൺ ഖനനം നടന്ന 64 ഏക്കർ ഭൂമി ഏറ്റെടുത്ത് എളവള്ളി പഞ്ചായത്ത് ഒരുക്കുന്ന കൃത്രിമ തടാകം ഇപ്പോഴെ പഠനവിഷയമാകുന്നു. തലക്കോട്ടുകര വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി എന്ന സ്ഥാപനത്തിലെ ബി.ടെക് സിവിൽ വിഭാഗം അവസാന വർഷ വിദ്യാർത്ഥികളാണ് എളവള്ളി ശുദ്ധജല തടാകത്തെക്കുറിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. കൃത്രിമ തടാകത്തിന്റെ അനന്ത സാദ്ധ്യതകൾ വ്യക്തമാക്കിക്കൊണ്ട് 82 പേജുള്ള റിപ്പോർട്ടാണ് നാലംഗ വിദ്യാർത്ഥി സംഘം പഞ്ചായത്തിന് സമർപ്പിച്ചത്.
വാഴാനി ഡാമിൽ നിന്നും ചിമ്മിനി ഡാമിൽ നിന്നും തുറന്നുവിടുന്ന വെള്ളം വേനൽക്കാലത്ത് സംഭരിക്കുന്ന മഹാസംഭരണിയാണ് കൃത്രിമ തടാകത്തിലൂടെ സാദ്ധ്യമാകുന്നത്. കൃഷി, കുടിവെള്ള വിതരണം, മത്സ്യം വളർത്തൽ, ടൂറിസം, ആവാസ വ്യവസ്ഥകളുടെ സംരക്ഷണം, സോളാർ വൈദ്യുതി ഉത്പാദനം, പാർക്ക്, ബോട്ടിംഗ്, ഔഷധത്തോട്ടം എന്നീ വിവിധ ഉദ്ദേശ പദ്ധതിയായാണ് പഞ്ചായത്ത് ഇതിനെ വിഭാവനം ചെയ്തിട്ടുള്ളത്. പമ്പിംഗ് സംവിധാനങ്ങൾ, തോടുകളുടെ പാർശ്വഭിത്തി സംരക്ഷണം, തടാകത്തിന്റെ ചുറ്റുബണ്ട് നിർമ്മാണം, സംരക്ഷിത വലയം, റോഡുകൾ, ചെക്ക് ഡാം, റെഗുലേറ്ററുകൾ എന്നിവ ഉൾപ്പെടെ 46 കോടി രൂപയാണ് പദ്ധതി ചെലവിനായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ ഉള്ളതുമൂലം പ്രാദേശിക യൂണിറ്റുകളുടെയും വ്യക്തികളുടെയും ഉത്പ്പന്നങ്ങൾക്ക് വിപണനകേന്ദ്രമായി ഈ പ്രദേശം മാറും.

പഞ്ചായത്തിന്റെ വികസന സ്വപ്നമായ കൃത്രിമ തടാകത്തെക്കുറിച്ച് വിദ്യാർത്ഥികൾ പഠന വിഷയമാക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. പദ്ധതിയുടെ പ്രാധാന്യത്തെയാണ് പഠനം സൂചിപ്പിക്കുന്നത്.
- ജിയോഫോക്‌സ്
(എളവള്ളി പഞ്ചായത്ത് പ്രസിഡന്റ്)

പഞ്ചായത്തിലെ ഭൂഗർഭജല സാദ്ധ്യതകളെപ്പറ്റി നടത്തിയ സർവേ റിപ്പോർട്ടിന് പരിഹാരമായാണ് കൃത്രിമ തടാകത്തെ കാണുന്നത്.
- പവ്വൽ ബി. കുറ്റിക്കാട്
എം.പി. രശ്മി
ശിൽപ്പ ടെൻസൻ
എൻ.കെ. ശിശിര
(വിദ്യാർത്ഥികൾ)