വടക്കാഞ്ചേരി : ഒളിംപിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ തെളിക്കാനുള്ള ദീപശിഖാ പ്രയാണത്തിന് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.അബൂബക്കർ, ഉപ ഡയറക്ടർ എ.കെ.അജിതകുമാരി, ഡയറ്റ് പ്രിൻസിപ്പൽ ഡി.ശ്രീജ, വിദ്യാകിരണം കോർഡിനേറ്റർ എൻ.കെ.രമേഷ്, പി.വി.റഫീക്ക്, വി.സുഭാഷ്, ഷീജ കുനിയിൽ, ജയപ്രഭ, എ.എസ്.മിഥിൻ, കെ.കെ.മജീദ്, സുനിത ജോൺ തുടങ്ങിയവർ സംസാരിച്ചു. കായിക മേള നടക്കുന്ന എറണാകുളത്ത് വിദ്യാഭ്യാസ മന്ത്രിയും, കായികമേള ബ്രാൻഡ് അംബാസഡർ പി.ആർ.ശ്രീജേഷും ചേർന്ന് ദീപശിഖ തെളിക്കും. 3,500 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും 4,000 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയും ഉദ്ഘാടനച്ചടങ്ങ് വർണാഭമാക്കും.