 
കുന്നംകുളം: ചൊവ്വന്നൂരിൽ അജ്ഞാത വാഹനമിടിച്ച് ഗുഹയ്ക്ക് സമീപത്തെ ബസ് സ്റ്റോപ്പ് പൂർണമായും തകർന്നു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഇടിച്ച വാഹനം നിറുത്താതെ പോയി. തൂണുകൾ തകർന്ന ബസ് സ്റ്റോപ്പിന്റെ മേൽക്കൂര നിലം പതിച്ച നിലയിലാണ്. നിരവധി ആളുകളാണ് ഇവിടെ ബസ് കാത്തു നിൽക്കുന്നത്. പ്രദേശവാസികളിൽ ചിലർ വിശ്രമത്തിനായും ബസ് സ്റ്റോപ്പ് ഉപയോഗിക്കാറുണ്ടെന്ന് പറയുന്നു. ഞായറാഴ്ചയായതിനാൽ ആരും സ്റ്റോപ്പിൽ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കുന്നംകുളം അഗ്‌നി രക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അജീഷ് കുമാർ, ഓഫീസർമാരായ ഗോഡ്‌സൺ, അശ്വിൻ, ശ്യാം, ശരത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.