
മുളങ്കുന്നത്തുകാവ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി.
ഡോ. എം. രാധികയുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയ്ക്കുശേഷം മന്ത്രിക്ക് വിശ്രമം നിർദ്ദേശിച്ചു. രാവിലെ മുതൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ പരിപാടികൾക്ക് ശേഷമാണ് ചേലക്കരയിലെത്തിയത്. വിശ്രമമില്ലാതെ പരിപാടികളിൽ പങ്കെടുത്തതാണ് ആരോഗ്യപ്രശ്‌നത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. രാത്രി 7.30ന് എത്തിയ മന്ത്രി പ്രാഥമിക ചികിത്സ കഴിഞ്ഞ് 8.25ന് നാട്ടിലേക്ക് മടങ്ങി.