d

ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ ചേലക്കരയുടെ വികസനമായിരുന്നു പ്രധാന ചർച്ചയും പ്രചാരണവിഷയവും. പക്ഷേ, ദിവസങ്ങൾക്കുളളിൽ വിഷയങ്ങൾ പലതായി കത്തിപ്പടർന്നു. ചേലക്കരയിലെ റൈസ് പാർക്ക്, അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട്, തൃശൂർ പൂരം കലക്കൽ, പൂരം വെടിക്കെട്ട് ഒടുവിലെത്തി നിൽക്കുന്നതോ, കൊടകര കുഴൽപ്പണക്കേസിലും. പരസ്പരം ആക്രമിച്ചും പ്രതിരോധിച്ചും മൂന്ന് മുന്നണികളും നിലകൊണ്ടതോടെ, ചേലക്കരയുടെ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണമാണ് നടക്കുന്നതെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.

ദേശീയ-സംസ്ഥാനനേതാക്കളുടെ ഒഴുക്കായിരുന്നു. ചേലക്കര സന്ദർശിക്കാത്ത നേതാക്കളാരുമില്ലെന്ന് പറഞ്ഞാലും തെറ്റില്ല. മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയും മന്ത്രിമാരും എൽ.ഡി.എഫിനായി മണ്ഡലത്തിൽ നിറഞ്ഞപ്പോൾ, പ്രതിപക്ഷ നേതാവും കെ.പി.സി.സി. അദ്ധ്യക്ഷനും യു.ഡി.എഫിനായി തുടക്കം മുതൽക്കേ നിരന്നു. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും എൻ.ഡി.എയ്ക്ക് കരുത്തുപകർന്നു. മത്സരത്തിന് ചൂടും വേവും പകർന്ന്, എൽ.ഡി.എഫിൽ നിന്ന് തെറ്റിയ അൻവറും അദ്ദേഹത്തിന്റെ പാർട്ടിയായ ഡി.എം.കെയുടെ സ്വതന്ത്രനായി മുൻ കോൺഗ്രസ് നേതാവ് എൻ.കെ.സുധീറും ലെെവാണ്.

പ്രചാരണം കൊടുമ്പിരികൊളളുമ്പോൾ, മാറിമറിയുന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് അനുസരിച്ച് തന്ത്രങ്ങൾ പുതുക്കിപ്പണിത് വിവാദങ്ങൾ അനുകൂലമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതൃത്വങ്ങൾ.

മൂന്നുമുന്നണിയുടേയും സംസ്ഥാന നേതാക്കളാണ് പ്രചാരണത്തിന്റെ നേതൃത്വം വഹിക്കുന്നത്.

ഓരോ ബൂത്തിനും നേതാക്കന്മാരുണ്ട്. ഏത് ബൂത്തിലാണോ വോട്ട് കുറയുന്നത് അത് നേതാക്കന്മാർക്കും തിരിച്ചടിയാകും. പതിനൊന്നിനാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. തിരഞ്ഞെടുപ്പാകുമ്പോഴേക്കും മേൽക്കൈ തങ്ങൾക്കാണെന്ന ട്രെൻഡ് വോട്ടർമാർക്കിടയിൽ വരുത്താനുള്ള ശ്രമമാണ് നേതാക്കൾ പ്രധാനമായും നടത്തുന്നത്. സ്ഥാനാർത്ഥികളുടെ പര്യടന പരിപാടികൾ ഒരു ഭാഗത്ത് നടക്കുമ്പോൾ അതിനോട് ചേർന്ന് കുടുംബയോഗങ്ങളും ശക്തിതെളിയിച്ചുള്ള പൊതുസമ്മേളനങ്ങളും അരങ്ങു തകർക്കുകയാണ്.

കൃത്യമായ ആസൂത്രണങ്ങളോടെ...

കൃത്യമായ ആസൂത്രണങ്ങളോടെയാണ് പ്രചാരണങ്ങൾ മുന്നോട്ടുപോകുന്നത്. വിവാദങ്ങളോടൊപ്പം സർക്കാരിന്റെ പ്രവർത്തനങ്ങളും എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുളള വ്യഗ്രതയിലാണ് എൻ.ഡി.എ. മണ്ഡലത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന കണക്കുകൂട്ടലിൽ അത് പരമാവധി അനുകൂലമാക്കിയെടുക്കാനാണ് യു.ഡി.എഫ് ശ്രമം.

രണ്ടാം പിണറായി സർക്കാരിന്റെയും ചേലക്കരയിൽ മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണന്റെയും വികസന പ്രവർത്തനങ്ങൾ ഇടതുപക്ഷം എണ്ണിയെണ്ണിപ്പറയുന്നുണ്ട്. ചേലക്കരക്കാർ ഒരിക്കലും കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപിന്റെ പ്രയാണം. കെ.രാധാകൃഷ്ണന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള തുടർച്ച, ഇതാണ് എൽ.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നത്. അതോടൊപ്പം സാധാരണക്കാരായ ജനങ്ങൾക്ക് എൽ.ഡി.എഫ് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങളും വിഷയമാക്കുന്നുണ്ട്.

മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. വീടുകയറിയുള്ള പ്രചാരണവും ശക്തമാക്കുന്നുണ്ട് യു.ഡി.എഫ് നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ കണ്ണുവച്ചാണ് യു.ഡി.എഫിന്റെ പ്രവർത്തനം. മണ്ഡലം നിറഞ്ഞാണ് സ്ഥാനാർത്ഥി രമ്യഹരിദാസിന്റെ പ്രചാരണം. പ്രത്യേകിച്ച് വനിതാവോട്ടർമാരിലും കണ്ണ് വെയ്ക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനെതിരെ അതിശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നത് അനുകൂമാകുമെന്ന് നേതാക്കൾ ഉറച്ചുവിശ്വസിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രമ്യഹരിദാസ് ചേലക്കരയിൽ കാഴ്ച്ചവെച്ച മികച്ച പ്രകടനത്തിലും പ്രതീക്ഷയുണ്ട്.

തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ജയം ബി.ജെ.പി ക്യാമ്പിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മണ്ഡലത്തിലെ പിന്നാക്കാവസ്ഥയും കുടിവെള്ള പ്രശ്‌നങ്ങളും എടുത്തുപറഞ്ഞാണ് ബി.ജെ.പിയുടെ പ്രചാരണം. രണ്ട് മുന്നണികളും ചേലക്കരയെ ചതിച്ചുവെന്ന പ്രചാരണമാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണൻ മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങളും തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ അലയൊലിയും നേട്ടമാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നാൽ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കാനിരിക്കെ വീണ്ടുമുയർന്ന കൊടകര കുഴൽപ്പണ കേസ് പ്രതികൂലമായി ബാധിക്കുമോയെന്നതുമാത്രമാണ് ആശങ്ക.

വോട്ട് കൂടി

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ പതിനായിരത്തിലധികം വോട്ടാണ് മണ്ഡലത്തിൽ കൂടിയത്. 10,830 പേരാണ് അധികമുള്ളത്. ആകെ വോട്ടർമാർ 2,13,103 ആണ്. ഇതിൽ 1,11,197 പേർ സ്ത്രീ വോട്ടർമാരും മൂന്നുപേർ ട്രാൻസ്‌ജെൻഡറുമാണ്. 180 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. അഞ്ചര പതിറ്റാണ്ടിലധികമായി മാറിയും മറിഞ്ഞും വിധിയെഴുതിയ മണ്ഡലം ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇടത്തോട്ടും വലത്തോട്ടും ചായാന്‍ മടികാണിക്കാത്ത ചേലക്കര കഴിഞ്ഞ കാല്‍നൂറ്റാണ്ടായിട്ട്‌ ഇടതുകോട്ടയായി മാറിയിരുന്നു.

തിരുവില്വാമല, പഴയന്നൂര്‍, ദേശമംഗലം,കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നിങ്ങനെ ഒമ്പത് പഞ്ചായത്തുകളടങ്ങിയതാണ് ചേലക്കര നിയമസഭാ മണ്ഡലം.

1996-ൽ കെ.രാധാകൃഷ്ണനിലൂടെ സി.പി.എം ചേലക്കര തിരിച്ചുപിടിച്ച് കോട്ടയാക്കുന്നത്. പിന്നീട് എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറി. 1996- ൽ അടക്കം അഞ്ച് തിരഞ്ഞെടുപ്പുകളിൽ രാധാകൃഷ്ണനെ വെല്ലാൻ ആരുമുണ്ടായില്ല. കോൺഗ്രസ് മണ്ഡലമെന്ന നിലയിൽ നിന്ന് ചെങ്കോട്ടയായി ചേലക്കരയുടെ ചരിത്രം മാറ്റിയെഴുതിയെന്ന് പറയാം. 2016-ൽ രാധാകൃഷ്ണന് പകരം യു.ആർ പ്രദീപാണ് മണ്ഡലത്തിൽ നിന്ന് എം.എൽ.എയായത്. 2006 ലും 2011 ലും രാധാകൃഷ്ണൻ ഭൂരിപക്ഷം കൂട്ടിയിരുന്നു. 1996-ൽ ഇ.കെ നായനാർ മന്ത്രി സഭയിലും 2021-ൽ രണ്ടാം പിണറായി സർക്കാരിലും മന്ത്രിയായ രാധാകൃഷ്ണൻ, 2006 ൽ സ്പീക്കറും 2001 ൽ പ്രതിപക്ഷ ചീഫ് വിപ്പുമായിയിരുന്നു.