1

തൃശൂർ: തൃശൂർ പൂരം കലക്കലിന് പിന്നാലെ കൊടകര കുഴൽപ്പണക്കേസും നേതാക്കളുടെ ആരോപണ - പ്രത്യാരാേപണങ്ങളും ഇതുവരെ കണ്ടിട്ടില്ലാത്ത പ്രചാരണത്തിന് വഴിയൊരുക്കുമ്പോൾ, കുടുംബങ്ങൾ കേന്ദ്രീകരിച്ച് വോട്ടുറപ്പിക്കുകയാണ് സംസ്ഥാനനേതാക്കൾ. പരസ്പരം ആക്രമിച്ചും പ്രതിരോധിച്ചും മൂന്ന് മുന്നണികളിലെ നേതാക്കളും നിലകൊണ്ടതോടെ, ചേലക്കരയിൽ ചൂടേറുന്നത് ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണത്തിനാണ്.

കുടുംബയോഗങ്ങളായിരുന്നു മുൻകാലങ്ങളിലും എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണായുധമെങ്കിൽ, ചേലക്കരയിൽ യു.ഡി.എഫും എൻ.ഡി.എയും കുടുംബങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ കണ്ണുവയ്ക്കുന്നുണ്ട്. പൊതുസമ്മേളനങ്ങളേക്കാൾ കൂടുതൽ ജനങ്ങളുടെ സ്വീകാര്യത ലഭിക്കുന്നത് ഇത്തരം യോഗങ്ങളിലാണെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സ്ഥാനാർത്ഥിയുടെ പ്രതിച്ഛായയോടൊപ്പം നേതാക്കളുടെ സാന്നിദ്ധ്യം കൂടി വീടുകളിലുണ്ടാകുമ്പോൾ അത് ഗുണകരമാകുമെന്നും നേതൃത്വങ്ങൾ കണക്കുകൂട്ടുന്നു.

അവസാനഘട്ട പ്രചാരണത്തിലേക്ക് കടക്കുമ്പോൾ പുതിയ തന്ത്രങ്ങളും മുന്നണികളുടെ അണിയറയിലുണ്ട്. മത്സരത്തിന് ചൂടും വേവും പകർന്ന്, എൽ.ഡി.എഫിൽ നിന്ന് തെറ്റിയ പി.വി. അൻവർ എം.എൽ.എയും അദ്ദേഹത്തിന്റെ പാർട്ടിയായ ഡി.എം.കെയുടെ സ്വതന്ത്രനായി മുൻ കോൺഗ്രസ് നേതാവ് എൻ.കെ. സുധീറും മണ്ഡലത്തിൽ ലൈവാണ്. പ്രചാരണ വീഡിയോകളാണ് അവരുടെ പ്രചാരണ ആയുധങ്ങളിലൊന്ന്.

രാഷ്ട്രീയവും വിവാദങ്ങളും കുടുംബങ്ങളിലേക്ക്

രാഷ്ട്രീയവും വിവാദങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമപരിപാടികളും വരെ കുടുംബയോഗങ്ങളിൽ വിശദീകരിക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ സംസ്ഥാനനേതാക്കളും മന്ത്രിമാരും എം.എൽ.എമാരുമെല്ലാം ഇതിനായി യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. യോഗങ്ങൾ ചെറുതായാലും വലുതായാലും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തോമസ് ഐസകും പുത്തലത്ത് ദിനേശനുമെല്ലാം സജീവം. കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എം.പിയും എ.സി. മൊയ്തീൻ എം.എൽ.എയുമെല്ലാം നേതൃത്വം വഹിക്കാൻ മുന്നിലുണ്ട്.

ഘടകകക്ഷിനേതാക്കളും...

യു.ഡി.എഫ് കുടുംബസംഗമങ്ങളിൽ എ.ഐ.സി.സി ചുമതലക്കാരനായ ഡോ. അറിവഴകനാണ് മുഖ്യശ്രദ്ധാകേന്ദ്രം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ശശി തരൂർ എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാത്യു കുഴൽനാടൻ തുടങ്ങിയവരെല്ലാം കുടുംബസംഗമങ്ങളിൽ എത്തിയിരുന്നു. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളും നേതാക്കളും കുടുംബങ്ങളെ കേന്ദ്രീകരിച്ച് രംഗത്തുണ്ട്. വീടുകയറിയുള്ള പ്രചാരണവും വനിതാ വോട്ടർമാരെ ലക്ഷ്യമിട്ടുളള പ്രവർത്തനവും യു.ഡി.എഫ്. ശക്തമായിട്ടുണ്ട്.

ഗൃഹസന്ദർശനത്തിൽ തന്നെ കണ്ണ്...

പ്രവർത്തകർക്ക് ഒപ്പം എൻ.ഡി.എയുടെ സംസ്ഥാന നേതാക്കളും ഗൃഹസന്ദർശനത്തിന് എത്തുന്നുണ്ട്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പി.കെ. കൃഷ്ണദാസും വി. മുരളീധരനും കുമ്മനം രാജശേഖരനുമെല്ലാം വീടുകളിലെത്തി സൗഹൃദം പുതുക്കി വോട്ട് തേടുന്നുണ്ട്. ഇനി കൂടുതൽ ദേശീയ നേതാക്കളേയും കേന്ദ്രമന്ത്രിമാരെയും കളത്തിലിറക്കി കേന്ദ്രസർക്കാരിന്റെ വികസനങ്ങളും ജനങ്ങൾക്കിടയിൽ അവസാനഘട്ടത്തിലും സജീവ ചർച്ചയാക്കാനും എൻ.ഡി.എ. ലക്ഷ്യമിടുന്നുണ്ട്.