മാള : പാളയം പറമ്പിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം ലീക്കായതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി കുടിവെള്ള വിതരണം നിറുത്തിവെച്ചതിനെ തുടർന്ന് കാടുകുറ്റി പഞ്ചായത്തിന്റെ വൈന്തല കല്ലൂർ ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ടു. ഇതോടെ 46 ഓളം കുടുംബങ്ങൾ വെള്ളം കിട്ടാതെ ദുരിതത്തിലായി.
മാസങ്ങളായി പാളയംപറമ്പ് ജംഗ്ഷനിലെ കൾവർട്ടിന് അടിയിലായി വെള്ളം ലീക്കായി പോയിക്കൊണ്ടിരുന്നതിനെ തുടർന്ന് വൈന്തല ഭാഗത്തുള്ള കാരാണിപ്പുറം കടമ്പനാട് കല്ലൂർ പള്ളിയുടെ പിൻഭാഗം എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ടു. വെളുപ്പിന് വെള്ളം ശരിയായ അളവിൽ വരുമെങ്കിലും രാവിലെ ഏഴോടെ നൂൽ വണ്ണത്തിലാണ് വെള്ളം വന്നിരുന്നത്. വീട്ടുകാരുടെ വ്യാപകമായ പരാതിയെ തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ പരിശോധിച്ചപ്പോഴാണ് പാളയം പറമ്പ് ജംഗ്ഷനിലെ കൾവർട്ടിന് അടിയിലായി വെള്ളം ലീക്കായി പോകുന്ന വിവരം അറിയുന്നത്. കൾവർട്ടിനടിയിലെ ഭാഗത്ത് നിലവിലുള്ള പൈപ്പിനുള്ളിലൂടെ വ്യാസം കുറഞ്ഞ പൈപ്പ് കടത്തി പ്രശ്‌നം പരിഹരിക്കാനാണ് വാട്ടർ അതോറിറ്റി ശ്രമിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് വാട്ടർ
അതോറിറ്റി അധികൃതർ പറയുന്നത്.