ഗതാഗത കുരുക്കിനും പരിഹാരമായില്ല
ആമ്പല്ലൂർ: ദേശീയ പാതയിലെ ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിൽ നടന്നു വന്നിരുന്ന അടിപ്പാത നിർമ്മാണം നിറുത്തിവച്ചു. അടിപ്പാതയുടെ പില്ലർ നിർമ്മാണത്തിന് കുഴിയെടുത്ത ശേഷം നടത്തിയ മണ്ണ് പരിശോധനയിൽ മണ്ണിന് വേണ്ടത്ര ഉറപ്പില്ലെന്ന് വ്യക്തമായതോടെയാണ് നിർമ്മാണം സ്തംഭിച്ചത്. സർവീസ് റോഡുകളുടെ ഡ്രൈനേജ് കാനകൾ പൊളിച്ച് മാറ്റി പുതിയ കാനകൾ നിർമ്മിക്കൽ, ടാറിംഗ് പൊളിച്ച് മാറ്റി പുതുതായി ടാറിംഗ് നടത്തൽ എന്നിവ പൂർത്തിയാക്കാതെയുള്ള അടിപ്പാത നിർമ്മാണം പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. കിലോ മീറ്ററുകളോളം വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്ന സ്ഥിതിയാണ്. ആംബുലൻസ് അടക്കം കുരുക്കിൽ പെട്ട് പ്രതിസന്ധി രൂക്ഷമാണ്. നിർമ്മാണം നിറുത്തിവച്ചതോടെ അടിപ്പാത നിർമ്മാണം നീളുമെന്ന് ആശങ്കയിലാണ് നാട്ടുകാർ.
നിർമ്മാണം ആരംഭിക്കുമെന്ന് അറിയിച്ചതിനും രണ്ട് ദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകാതെ നാലുവരി പാതയുടെ പടിഞ്ഞാറു വശത്ത് പില്ലർ നിർമ്മിക്കാൻ കുഴിയെടുത്തിരുന്നു.സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കാതെ ഗതാഗതം സർവീസ് റോഡ് വഴി തിരിച്ചുവിട്ടായിരുന്നു റോഡിൽ കുഴിയെടുത്തത്്. ഗതാഗതക്കുരുക്ക് ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോൾ മോട്ടോർ വാഹന വകുപ്പ് ഇടപെട്ടിരുന്നു. കുരുക്ക് ഒഴിവാക്കാനുള്ള നിർദേശങ്ങൾ കരാർ കമ്പനിക്ക് നൽകി. രണ്ട് ദിവസം കഴിഞ്ഞ് ഗതാഗത കുരുക്കിന് പരിഹാരമായെന്ന് വ്യാജ പ്രചാരണം നടത്തിയിരുന്നു. എന്നാൽ പ്രദേശത്ത് കിലോ മീറ്ററുകളോളം കുരുക്ക് രൂക്ഷമാണ്.
എങ്ങുമെത്താതെ നിർമ്മാണം
ആമ്പല്ലൂരിൽ നിർമ്മാണം ആരംഭിക്കുമെന്ന് അറിയിച്ചതിനും രണ്ട് ദിവസം മുമ്പ് തുടങ്ങിയ അടിപ്പാത നിർമ്മാണം എങ്ങുമെത്തിയില്ല. പില്ലറുകർ നിർമ്മിക്കുന്നതിന് രണ്ട് കുഴികൾ എടുക്കുക മാത്രമാണ് ഇതുവരെ നടന്ന നിർമ്മാണ പ്രവർത്തനം. പുതിയ ടാറിംഗ് നടത്തുന്നതിനായ് പൊളിച്ചിട്ട സർവീസ് റോഡിൽ ടാറിംഗ് നടത്തിയിട്ടില്ല. മഴ പെയ്തതോടെ പ്രദേശം ചെളിക്കുളമായി മാറി. ആമ്പല്ലൂരിന് ശേഷം നിർമ്മാണം ആരംഭിച്ച പേരാമ്പ്രയിൽ പില്ലറുകളുടെ അടിത്തറയുടെ നിർമ്മാണം പൂർത്തിയായി. പതിനൊന്ന് മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന ഉറപ്പിൽ ആരംഭിച്ച നിർമ്മാണം രണ്ട് മാസത്തോളമായിട്ടും ഇഴഞ്ഞ് നീങ്ങുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സർവീസ് റോഡുകളുടെയും നിർമ്മാണം നടക്കുന്നില്ല. മണ്ണിന് ഉറപ്പില്ലാത്തതിനാൽ പുതിയ ഡിസൈൻ പ്രകാരമായിരിക്കും ഇനി അടിപ്പാത നിർമ്മാണം. ഒരാഴ്ചക്കകം അടിപ്പാതയുടെ പുതിയ ഡിസൈൻ എത്തും.
- അധികൃതർ