ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവം ദശാബ്ദി നിറവിൽ

പാവറട്ടി: വിളക്കാട്ടു പാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന്റെ പത്താം വർഷികത്തോടനുബന്ധിച്ച് പത്തിനം പരിപാടികളൊരുക്കാൻ ദേവസൂര്യ. ആദ്യ പ്രോഗ്രാം 'ജോൺ എബ്രഹാം അനുസ്മരണം ' തുടർന്ന് ലോക മാർഷ്യൽ ആർട്ട് ഡേ യോടനുബന്ധിച്ച് 'മാർഷ്യൽ ആർട്ട് ഫിലിം ഫെസ്റ്റിവൽ ', സിനിമയെ ക്യാൻവാസിൽ പകർത്തുന്ന 'ചിത്രം ചലച്ചിത്രം ', ഡിസംബറിൽ ചാർലി ചാപ്ലിന്റെ ചരമദിനത്തോടനുബന്ധിച്ച് 'ചാപ്ലിൻ ഫെസ്റ്റിവൽ ', വിദ്യാലയങ്ങളുമായി സഹകരിച്ച് 'സ്‌കൂൾ ടാക്കീസ് ', കുട്ടികൾക്കായി ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി നിർമ്മാണ ശിൽപ്പശാല, പഴയകാല സംഗീത ഉപകരണങ്ങളുടെ ചരിത്രവും പ്രദർശനവും ഉൾപ്പെടുത്തി 'പാട്ടുപ്പെട്ടി ', വിവിധ സെന്ററുകളിലായി നടത്തുന്ന 'ടൂറിംഗ് ഫിലിം ഫെസ്റ്റിവൽ ', 'ചലച്ചിത്രോത്സവ വിളംബരം ' തുടർന്ന് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന 'ഗ്രാമീണ ചലച്ചിത്രോത്സവം, ജോൺ എബ്രഹാം പുരസ്‌കാര വിതരണം' എന്നിങ്ങനെ 10 വ്യത്യസ്ത പരിപാടികളാണ് നടത്തുന്നത്. മേളയെ കൂടുതൽ ജനകീയവത്കരിക്കാനാണ് ദേവസൂര്യ ശ്രമിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ദശാബ്ദി ആഘോഷത്തിന്റെ സംഘാടക സമിതി രൂപീകരണം പൂർത്തിയായി. 2015 ലാണ് ആദ്യമായി ദേവസൂര്യ ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. പാടത്തെ കുളിരിൽ ചുക്കുകാപ്പിയും കുടിച്ച് നിലാവിൽ സിനിമ കാണാനും ആസ്വദിക്കാനും നിരവധി ആളുകളാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്നതെന്ന് സംഘാടകർ പറഞ്ഞു. ജനുവരി അവസാന ആഴ്ച്ചയിൽ മേള ആരംഭിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ റാഫി നീലങ്കാവിൽ, കെ.സി.അഭിലാഷ്, കെ.എസ് . രാമൻ, കെ.എസ്. ലക്ഷ്മണൻ, റെജി വിളക്കാട്ടുപാടം, ഗ്രീഷ്മ സുനിൽ, സ്റ്റിനോ അറക്കൽ, സജിത വിജയൻ എന്നിവർ അറിയിച്ചു.


വ്യത്യസ്ത പരിപാടികൾ