ചേലക്കര: 'അസഹിഷ്ണുതയുണ്ടോ, ചോദ്യങ്ങളോട്...'- അഡ്വ. കെ.എ. ഷബ്നയുടെ ചോദ്യത്തിന് പുഞ്ചിരിയായിരുന്നു വിശ്വപൗരന്റെ മറുപടി. 'ഞാൻ സാധാരണക്കാരനാണ്, എല്ലായ്പോഴും എല്ലാവരെയും പോലെ പ്രതികരിക്കും. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടില്ല.'- സഹിഷ്ണുതയോടെ തന്നെയായിരുന്നു ശശി തരൂരിന്റെ മറുപടിയും.
'മീറ്റ് വിത്ത് തരൂർ' എന്ന പേരിൽ ചേലക്കര സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച നാടിന്റെ വികസനം നമ്മളിലൂടെ എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ശശി തരൂർ. അഡ്വ. എൽദോ പൂക്കുന്നേൽ മോഡറേറ്ററായി.
നാലുവർഷ ബിരുദം നടപ്പാക്കുമ്പോൾ ഗുണമോ, ദോഷമോ എന്നായിരുന്നു മഹാജൂബിലി ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ കൂടിയായ ഫാ. ചാക്കോ ചിറമ്മേലിന്റെ ചോദ്യം. 'നാലുവർഷ ബിരുദം എന്നതിൽ രക്ഷിതാക്കൾക്ക് വലിയ ആശങ്കയുണ്ട്. അതത് സംസ്ഥാന സർക്കാരുകൾ ഇത് പരിഹരിക്കണം. മറ്റ് സംസ്ഥാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുമ്പോൾ നമ്മൾ പിറകോട്ട് പോകരുത് - ശശി തരൂർ പറഞ്ഞു.
ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന വൺ ഹെൽത്ത് സംയോജിത പദ്ധതി ആരോഗ്യ മേഖലയ്ക്ക് ഗുണം ചെയ്യുമോയെന്ന ആയുർവേദ വിദ്യാർത്ഥിനി അവന്തികയുടെ ചോദ്യത്തിനും ശശി തരൂരിന്റെ കാഴ്ചപ്പാട് വ്യക്തം. 'അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവ കോർത്തിണക്കി വൺ ഹെൽത്ത് പദ്ധതി കേരളത്തിന് ഗുണം ചെയ്യും. പ്രത്യകിച്ചും ആയുർവേദ വെൽനസ് ടൂറിസം മേഖലയിൽ.'
രാജ്യത്ത് വർദ്ധിക്കുന്നു സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും നേരിടുന്നതിന് പ്രതിവിധി അന്വേഷിച്ച വിദ്യാർത്ഥിനിക്ക് മറുപടിയായി തിരുവനന്തപുരം എം.പി ഇങ്ങനെ പറഞ്ഞു... 'രാത്രികളിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി വെളിച്ചം എല്ലായിടത്തും വേണം. ലോക്‌സഭയിൽ ഒരാൾക്ക് അതിക്രമിച്ചു കടക്കാനാകില്ല. അതുപോലെ ജോലി സ്ഥലങ്ങളിൽ കർശനമായ സുരക്ഷ ഒരുക്കണം. പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണം.'
സംഘാടകരായ അജിത്ത് സി. താന്നിക്കൽ, മോജു മോഹൻ, ഷമീർ തളി, ഗോകുൽ, അഡ്വ. കെ.എ. ഷബ്‌ന, അഡ്വ. നവിൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.