jiraf

തൃശൂർ: സീബ്ര, ജിറാഫ്, അനാകോണ്ട എന്നിവയോടൊപ്പം തെക്കൻ ആഫ്രിക്കയിലെ തുറന്ന സമതലങ്ങളിലും പീഠഭൂമിയുടെ താഴ്‌വരകളിലും കാണുന്ന വലിപ്പമുള്ള മാനുകളായ എലാൻഡുകളും പുത്തൂർ പാർക്കിലേക്ക്. ധാരാളം കുറ്റിച്ചെടികൾ പോലെയുള്ള കുറ്റിക്കാടുകൾ അടങ്ങിയ വരണ്ട പ്രദേശങ്ങളിലാണ് എലാൻഡുകൾ കഴിയുക. അതുകൊണ്ട് പുത്തൂർ ഇവയ്ക്ക് അനുയോജ്യമാകും. പാർക്ക് പ്രവർത്തനം തുടങ്ങിയ ശേഷമാകും മൃഗങ്ങളെയെത്തിക്കുക. വിദേശത്തെ പക്ഷികളെയും മൃഗങ്ങളെയും എത്തിക്കുന്നതിന് നിയമ, സാങ്കേതിക നടപടികളുണ്ട്.

ഇതിനായി രാജ്യാന്തര ഏജൻസികളുടെ സഹായം തേടും. താൽപ്പര്യപത്രവും ക്ഷണിക്കും. അന്യസംസ്ഥാനങ്ങളിലെ മൃഗങ്ങളെയെത്തിക്കാനും ശ്രമമുണ്ട്. പാർക്കിലേക്ക് മൃഗങ്ങളെ മാറ്റാനുള്ള സമയപരിധി കേന്ദ്ര മൃഗശാല അതോറിറ്റി നീട്ടി നൽകിയിരുന്നു. ഈ വർഷം അവസാനം തുറക്കാനായിരുന്നു തീരുമാനം. എന്നാൽ നിർമ്മാണ ജോലികളും മൃഗങ്ങളുടെ മാറ്റവും പൂർത്തിയായില്ല.

ബോമ ക്യാപ്ചറിംഗിലൂടെ മാനുകൾ

തൃശൂർ മൃഗശാലയിൽ നിന്നും പുത്തൂരിലേക്ക് മാനുകളെ മാറ്റിത്തുടങ്ങി. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ കഴിഞ്ഞവർഷം ഒക്ടോബറിൽ മൃഗങ്ങളെയെത്തിച്ചെങ്കിലും ഒരു പന്നിമാനും ചില പക്ഷികളും ചത്തു. കഴിഞ്ഞദിവസങ്ങളിലായി മ്ലാവുകളെ (സാമ്പാർ ഡീർ) ബോമ ക്യാപ്ചറിംഗ് ടെക്‌നിക്കിലൂടെ കൂട്ടിലാക്കി തൃശൂരിൽ നിന്ന് പുത്തൂരിലെത്തിച്ചു. മയക്കുവെടി പ്രയോഗിച്ചും മൃഗങ്ങളെ ഓടിച്ചും കൂട്ടിലാക്കുന്നതിന് പകരം സ്വാഭാവികമായി കൂടുകളിലേക്ക് ആകർഷിച്ച് കൊണ്ടുവരുന്ന രീതിയാണിത്. മ്ലാവുകളെ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ നിരീക്ഷിക്കും.

എത്തിച്ചത്: ഒമ്പത് കലമാനുകൾ

ആദ്യഘട്ടത്തിലെത്തിക്കുന്നത്: 80 മൃഗങ്ങളെ
പുള്ളിമാൻ, കലമാൻ, പന്നിമാൻ, മ്ലാവ്: 20 എണ്ണം വീതം
മൃഗശാലയിലുള്ളത്: മാൻ ഇനത്തിൽ 191

ക്യുറേറ്റർമാരില്ല

പാർക്കിലേക്ക് മൃഗങ്ങളെ മാറ്റാനുള്ള നടപടിക്രമം പുരോഗമിക്കുമ്പോഴും ക്യുറേറ്റർ, അസി.ക്യുറേറ്റർ തസ്തികയിൽ നിയമനമായില്ല. മൃഗങ്ങളെ പുത്തൂരിലെത്തിക്കുമ്പോൾ അവയ്ക്ക് ഒരുക്കിയിരിക്കുന്ന ആവാസവ്യവസ്ഥ, ആവശ്യമായ ഘടകങ്ങൾ, ഭക്ഷണം , സ്വഭാവവ്യത്യാസത്തിന് അനുസരിച്ചുള്ള തത്സമയ പ്രവർത്തനം എന്നീ കാര്യങ്ങൾക്കെല്ലാം സൂക്ഷ്മ നിരീക്ഷണം നടത്തി നിർദ്ദേശം സമർപ്പിക്കേണ്ടത്
ക്യുറേറ്ററാണ്. മൃഗശാസ്ത്രത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരും അംഗീകൃത മൃഗശാലയിൽ രണ്ട് വർഷമെങ്കിലും പ്രവൃത്തി പരിചയം ഉള്ളവരെയുമാണ് ക്യുറേറ്റർമാരായി നിയമിക്കാറ്. താത്കാലികമായി ഉണ്ടായിരുന്ന ക്യുറേറ്ററും അസി. ക്യുറേറ്ററും വേറെ ജോലി ലഭിച്ചുപോയി. പുതുതായി ആരെയും നിയമിച്ചിട്ടില്ല. സുവോളജിക്കൽ പാർക്കിൽ തന്നെയുള്ള വെറ്ററിനറി ഡോക്ടർക്ക് ഈ ചുമതല കൂടി താത്കാലികമായി നൽകിയിരുന്നു.