ചേലക്കര: ഉപതിരഞ്ഞെടുപ്പുകളുടെ ഫലം നാളത്തെ കേരളരാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി സർക്കാരിനും മോദി സർക്കാരിനുമെതിരായി ജനം വിധിയെഴുതും. സി.പി.എം - ബി.ജെ.പി ഡീൽ വ്യക്തമാണ്. അതിനാലാണ് ഇരുവരും പരസ്പരം കുറ്റംപറയാതിരിക്കുന്നത്. ചേലക്കരയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ വെല്ലുവിളിക്കുന്നു. വികസനേട്ടങ്ങളൊന്നും ബി.ജെ.പി.ക്കും സി.പി.എമ്മിനും പറയാനില്ല. ഇന്ത്യാമുന്നണിയെക്കൊണ്ട് ഗുണമുണ്ടായ പാർട്ടിയാണ് സി.പി.എം. ഇപ്പോഴത്തെ നയംമാറ്റം പ്രകാശ് കാരട്ടിനെക്കൊണ്ട് പിണറായി പറയിപ്പിക്കുന്നതാണ്. സി.പി.എം സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ തീരുമാനത്തിന് നേർ വിപരീതമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
സി.പി.എമ്മിന്റെ പാർട്ടിക്കാര്യം അവർ തീരുമാനിക്കട്ടെ. വയനാട്, പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് ഭൂരിപക്ഷം ഇരട്ടിയാക്കും, ചേലക്കര തിരിച്ചുപിടിക്കും - രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു, കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. നിയാസ്, ജോസഫ് ചാലിശ്ശേരി, പി.ഐ. ഷാനവാസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.