തൃശൂർ : ചീഫ് ഇലക്ടറൽ ഓഫീസർ പ്രണബ് ജ്യോതിനാഥിന്റെ നേതൃത്വത്തിൽ ചേലക്കര ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി. കളക്ടർ അർജുൻ പാണ്ഡ്യൻ ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെക്കുറിച്ച് വിശദീകരിച്ചു. പോളിംഗ് ബൂത്തുകൾ, അടിസ്ഥാന സൗകര്യങ്ങൾ, പ്രശ്‌നബാധിത ബൂത്തുകളിലെ സുരക്ഷാ മുന്നൊരുക്കങ്ങൾ, പോളിംഗ് ഉദ്യോഗസ്ഥർക്കുളള പരിശീലനം തുടങ്ങിയവ കളക്ടറേറ്റ് വീഡിയോ കോൺഫറസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ വിലയിരുത്തി.
ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഇ.വി.എം മെഷീനുകളുടെ കമ്മിഷനിംഗും സ്‌ട്രോംഗ് റൂമും വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങളും ചെമ്പൂക്കാവ് ഇ.വി.എം വെയർഹൗസും ചീഫ് ഇലക്ടറൽ ഓഫീസറും സംഘവും സന്ദർശിച്ചു. അവലോകന യോഗത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി : തോംസൺ ജോസ്, സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, എ.ഡി.എം: ടി. മുരളി, ഇലക്്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ. ബാലസുബ്രഹ്മണ്യം, അസി. കളക്ടർ അതുൽ സാഗർ തുടങ്ങിയവർ പങ്കെടുത്തു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സന്ദർശനത്തിൽ ഉപതിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ മുജീബുർ റഹ്മാൻഖാൻ, ജോയിന്റ് സി.ഇ.ഒ: ആർ.എസ്. റുസി, മണ്ഡലം വരണാധികാരി എം.എ. ആശ, ഉപ വരണാധികാരി ടി.പി. കിഷോർ, കുന്നംകുളം എ.സി.പി: സി.ആർ. സന്തോഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.