കൊടുങ്ങല്ലൂർ : സുകൃതം അഗതി മന്ദിരത്തിലെ വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയ വാർഡനും നടത്തിപ്പുകാർക്കുമെതിരെയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എടവിലങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ വർഷങ്ങളായി വാർഡൻ നിരന്തരം പീഢനത്തിന് ഇരയാക്കിയിട്ടും കഴിഞ്ഞദിവസം കുട്ടികൾ ബന്ധുക്കളോട് വെളിപ്പെടുത്തും വരെ വിഷയം നടത്തിപ്പുകാരായ സംഘപരിവാർ ഭാരവാഹികൾ അറിഞ്ഞില്ല എന്നതിൽ ദുരൂഹതയുണ്ട്. ഈ സ്ഥാപനത്തിന്റെ മറവിൽ നടന്നിട്ടുള്ള ദുരൂഹ ഇടപാടുകളും മറ്റും പുറത്ത് കൊണ്ടുവരണം. നടത്തിപ്പുകാർക്കെതിരെയും അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധക്കൂട്ടായ്മ ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന:സെക്രട്ടറി അഡ്വ.പി.എച്ച്.മഹേഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി.ബി.മൊയ്തു ജ്വാല തെളിച്ചു. സുനിൽ പി.മേനോൻ, ഇ.കെ.സോമൻ, പി.കെ.മുഹമ്മദ്, ബഷീർ കൊണ്ടാമ്പിള്ളി, അഡ്വ.കെ.കെ.സക്കീർ ഹുസൈൻ, ടി.എം.കുഞ്ഞുമൊയ്തീൻ, കെ.ആർ.നിധീഷ് കുമാർ, ബെന്നി കാവാലം കുഴി, സി.എ.ഗുഹൻ, ഇ.എം.ആന്റണി, എ.എ.ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.