പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉപദേവനായ ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ ഷഷ്ഠി മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർണം. വ്യാഴാഴ്ചയാണ് ഷഷ്ഠി ആഘോഷം. ബുധാഴ്ച വൈകീട്ട് നടക്കുന്ന കാവടി സംഘങ്ങളുടെ ഗ്രാമ പ്രദക്ഷിണങ്ങളോടെ ആഘോഷത്തിന് തുടക്കമാകും. ഷഷ്ഠി ആഘോഷങ്ങളിൽ 30ദേശ കമ്മിറ്റികൾ പങ്കാളികളാകും.
21 സ്ഥലങ്ങളിൽ നിന്നുള്ള കാവടി സംഘങ്ങളും 6 കേന്ദ്രങ്ങളിൽ നിന്ന് ശൂല ഘോഷയാത്രയുമുണ്ടാകും. രാവിലെ 11 മുതൽ ശുല ഘോഷയാത്രകൾ എത്തിച്ചേരും. രാത്രി 9.10ന് കാവടി ആഘോഷങ്ങൾ സമാപിക്കും. ക്ഷേത്രത്തിൽ ഷഷ്ഠി ആഘോഷത്തിന്റെ പ്രധാന ആകർഷണം കുലവാഴ വിതാനമാണ്. ക്ഷേത്രത്തിനു ചുറ്റും ഭക്തർ നൂറുകണക്കിന് വാഴ കുലകൾ കൊണ്ട് അലങ്കരിക്കും.
ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി താമരപ്പുള്ളി ദാമോദരൻ നമ്പൂതിരി കാർമികത്വം വഹിക്കും. മറ്റ് ചടങ്ങുകൾക്ക് മേൽശാന്തിമാരായ സന്ദീപ് എമ്പ്രാന്തിരി, ദിനേശൻ എമ്പ്രാന്തിരി, രഞ്ജിത്ത് എസ്രാന്തിരി എന്നിവർ നേതൃത്വം നൽകും. ആഘോഷങ്ങൾക്ക് ദേവസ്വം അഡ്മിനിസ്‌ട്രേഷൻ ഓഫീസർ വി. ലെനിൻ, മാനേജർ എം.വി. രത്‌നാകരൻ, വളണ്ടിയർ ക്യാപ്ടൻ കെ. ബിനോജ്, വിവിധ കമ്മിറ്റി ഭാരവാഹികൾ, മാതൃ സമിതി അംഗങ്ങളും നേതൃത്വം നൽകും.
ഒരുക്കങ്ങൾ തകൃതി
ഭക്തജനജനങ്ങൾക്കും കാവടി സംഘങ്ങൾക്കും സൗകര്യം ഒരുക്കുന്നതിനായി 200ലേറെ വളണ്ടിയർമാരും പൊലീസ് സേനയുമുണ്ടാകും. ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വഴിപാടുകൾക്ക് പ്രത്യേകം കൗണ്ടറുകളുമുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മുല്ലശ്ശേരി ഗവ. സ്‌കൂൾ ഗ്രൗണ്ട്, വടക്കൻ പുതുക്കാട് പള്ളി പാർക്കിംഗ് ഗ്രൗണ്ട്, അയ്യപ്പംകുടം ക്ഷേത്രാങ്കണം, മുല്ലശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.