കൊരട്ടി: കൊരട്ടി പഞ്ചായത്തിലെ വിവിധ മാതൃകാ പദ്ധതികളെ പഠിക്കുന്നതിന് വിദേശ സംഘമെത്തി. ഹെൽപ്പേജ് ഇന്റർനാഷണലിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് കൊരട്ടി പഞ്ചായത്തിലെ നാലുകെട്ട് പകൽവീട് സന്ദർശിച്ചത്. ഫിൻലാൻഡിലെ മുൻ ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി വാപ്പു വൈപ്പ്‌ലെ ഉൾപ്പെടെ ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ഫിൻലാൻഡ്, മെക്‌സിക്കോ തുടങ്ങിയ 13 രാജ്യങ്ങളിൽ നിന്നായി 30 വിദേശ പ്രതിനിധികളാണ് എത്തിയത്. നാലുകെട്ട്, വാലുങ്ങാമുറി വാർഡുകളിൽ വയോജനങ്ങൾക്കായി നടത്തുന്ന പകൽ വീടിന്റെ പ്രവർത്തനവും പഞ്ചായത്തിലെ വൃദ്ധക്ഷേമ പ്രവർത്തനങ്ങളും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൈനു റിച്ചു വിവരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ്, ഹെൽപ്പേജ് ഇന്റർനാഷണൽ ചെയർമാൻ അരുൺ മരിയ, ചീഫ് എക്‌സിക്യൂട്ടീവ് ചെറിയാൻ മാത്യു, റോഹിത് പ്രസാദ്, കാർബോറാണ്ടം യൂണിവേഴ്‌സൽ എച്ച്.ആർ. മനേജർ സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.