
തൃശൂർ: പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഇരുപതിലേക്ക് നീട്ടിയതോടെ ചേലക്കരയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മൂന്നു മുന്നണിയിലേയും നേതാക്കൾ. തിങ്കളാഴ്ചയാണ് കൊട്ടിക്കലാശം. സ്ഥാനാർത്ഥി പര്യടനം അവസാന ഘട്ടത്തിലാണ്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും എൻ.ഡി.എയുടേയും മുതിർന്ന നേതാക്കളടക്കം ക്യാമ്പ് ചെയ്താണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി 9,10 തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെത്തും. ആദ്യ ദിവസം തളി, വരവൂർ, ദേശമംഗലം, തലശേരി, ചെറുതുരുത്തി, നെടുമ്പുര തുടങ്ങി ആറ് കേന്ദ്രങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും. രണ്ടാം ദിവസം കൊണ്ടാഴി സൗത്ത്, കൊണ്ടാഴി നോർത്ത്, പഴയന്നൂർ, വടക്കേത്തറ, തിരുവില്വാമല ഈസ്റ്റ്, വെസ്റ്റ് എന്നിവിടങ്ങളിലെത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഭൂരിഭാഗം ദിവസങ്ങളിലും ചേലക്കരയിൽ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് മേൽനോട്ടം വഹിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവരും നിരന്തരം മണ്ഡലത്തിലെത്തുന്നുണ്ട്.