തൃശൂർ: ഡോക്ടർമാരും സൗകര്യങ്ങളുമില്ല... മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ സി.ടി സ്‌കാൻ വിഭാഗത്തിന്റെ പ്രവർത്തനം താളംതെറ്റുന്നു. ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് സി.ടി, ആൾട്രാസൗണ്ട് സ്‌കാനിംഗുകൾക്കായി രണ്ടുമാസത്തോളം കാത്തിരിക്കണം. നൂറുകണക്കിന് രോഗികളുടെ തുടർചികിത്സ ഇതുമൂലം വൈകുകയാണ്. സി.ടി സ്‌കാനിംഗിന് അവസരം ലഭിച്ചാലും പരിശോധനാഫലം ലഭിക്കണമെങ്കിൽ വീണ്ടും പത്തും പതിനഞ്ചും ദിവസം കാത്തിരിക്കണം. കാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർ ഇതിനാൽ ദുരിതത്തിലാണ്.
മൂന്ന് ഷിഫ്ടുകളിലായി ഒരു ദിവസം നൂറുക്കണക്കിന് പേർ സി.ടി സ്‌കാനിന് എത്തുന്നുണ്ട്. ഇതിൽ ഒ.പി സമയം ഉൾപ്പെടുന്ന ആദ്യ ഷിഫ്ടിൽ മാത്രം നൂറിലേറെ പേർ വരും. രണ്ട് യന്ത്രങ്ങളാണ് പുതിയ മെഡിക്കൽ കോളേജിലുള്ളത്. ഒരെണ്ണം നെഞ്ചുരോഗാശുപത്രിയിലുമുണ്ട്. ഒരു യന്ത്രത്തിൽ ആദ്യ ഷിഫ്ടിൽ 30 പേർക്ക് മാത്രമേ സ്‌കാനിംഗിന് കഴിയൂ. ഒരാൾക്ക് സി.ടി സ്‌കാൻ ചെയ്യണമെങ്കിൽ 20 മിനിറ്റെങ്കിലും വേണം.
മറ്റ് രണ്ട് ഷിഫ്ടുകൾ എമർജൻസി വിഭാഗക്കാർക്കാണ്. കിടത്തിച്ചികിത്സയിലുള്ളവർക്ക് പരിഗണന നൽകിയ ശേഷമേ ഒ.പിയിൽ എത്തുന്നവർക്കുള്ളൂ. അതിനാൽ രോഗികൾക്ക് നീണ്ട കാത്തിരിപ്പിലാണ്. ഇതിനാൽ പലരും ആയിരക്കണക്കിന് രൂപ ചെലവഴിച്ച് സ്വകാര്യ മേഖലയെ ആശ്രയിക്കുകയാണ്. എച്ച്.എൻ.എല്ലിന്റെ ഒരു കേന്ദ്രം ആശുപത്രിയിലുണ്ടെങ്കിലും സാധാരണക്കാർക്ക് ഗുണം ലഭിക്കാറില്ല.
രജിസ്റ്ററിൽ 9, ആക്ച്വലി 4
റേഡിയോളജി വിഭാഗത്തിൽ ഒമ്പത് ഡോക്ടർമാരുണ്ടെങ്കിലും നാലു പേരുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. നാലു അസിസ്റ്റന്റ് പ്രൊഫസർമാരുടെയും ഒരു അസോസിയേറ്റ് പ്രൊഫസറുടെയും തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. വകുപ്പ് മേധാവിയുടെ ഒഴിവ് നികത്തിയത് അടുത്തിടെയാണ്. പി.ജി വിദ്യാർത്ഥികളുടെ സേവനവും വേണ്ടത്ര ലഭിക്കുന്നില്ല. പരിശോധനാ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഡാറ്റ എൻട്രി ഓപ്പറേറ്റർ പോലും ഇല്ലെന്നതാണ് സ്ഥിതി. പി.ജി വിദ്യാർത്ഥികളാണ് റിപ്പോർട്ട് തയ്യാറാക്കുന്നതത്രെ. ഒരു രോഗിയുടെ റിപ്പോർട്ട് തയ്യാറാക്കാൻ മണിക്കൂറുകൾ വേണം.
നെഞ്ചുരോഗാശുപത്രി സൂപ്രണ്ടിന് സ്ഥലം മാറ്റം
മെഡിക്കൽ കോളേജിലെ നെഞ്ചുരോഗാശുപത്രി സൂപ്രണ്ടും റേഡിയോ തെറാപ്പി വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഷഹ്ന ഖാദറിനെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് സ്ഥാനക്കയറ്റം നൽകി സ്ഥലം മാറ്റി. ഈ തസ്തികയിലേക്ക് പുതിയ ആളെ നിയമിക്കാതെയാണ് സ്ഥലംമാറ്റം.
മനുഷ്യാവകാശ കമ്മിഷന് പരാതി
മെഡിക്കൽ കോളേജിൽ സി.ടി, അൾട്ര സൗണ്ട് സ്‌കാനിംഗ് ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ആരോഗ്യ മന്ത്രി എന്നിവർക്ക് പരാതി കൊടുത്തിട്ടും പരിഹാരം ഇല്ലാത്തതിനാലാണ് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത്.
- കെ.എൻ. നാരായണൻ (എച്ച്.ഡി.എസ് അംഗം)