1

തൃശൂർ: തന്റെ വാർഡ് ഇല്ലാതാക്കുന്ന നിലപാടാണ് ഭരണകക്ഷി ചെയ്തതെന്ന് ആരോപണവുമായി കോർപറേഷൻ വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങും മുൻപേ പ്രതിഷേധവുമായി സി.പി.ഐ കൗൺസിലർ. അതേസമയം ബീന മുരളിയുടെ ആരോപണത്തെ സി.പി.ഐയിലെ കൗൺസിലർമാരും തള്ളി. വാർഡ് വിഭജനത്തിന്റെ കരട് പോലും പുറത്തു വരാതെ പ്രതികരിക്കുന്നില്ലെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ നിലപാട്.

കൃഷ്ണാപുരം വാർഡ് മെമ്പറും മുൻ ഡെപ്യൂട്ടി മേയറുമായ ബീന മുരളിയാണ് അതൃപ്തി പാർട്ടി നേതാക്കളെ അറിയിച്ചത്. കഴിഞ്ഞദിവസം കൗൺസിലർമാർക്കായി സംഘടിപ്പിച്ച ശക്തൻ വികസനം സംബന്ധിച്ച വിശദീകരണ യോഗത്തിൽ പങ്കെടുക്കാതെ പ്രതിഷേധിച്ച് ബീന മടങ്ങിയിരുന്നു. തന്റെ പാർട്ടി നേതാക്കളോട് പലതവണ പരാതിപ്പെട്ടെങ്കിലും അവരും സഹായിക്കാനെത്തിയില്ലെന്ന് ബീന മുരളി പറഞ്ഞു.

ഈ മാസം 16ന് വാർഡ് വിഭജനം സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറങ്ങും. തൃശൂർ കോർപറേഷനിലെ വാർഡ് വിഭജനം സംബന്ധിച്ച് വ്യാപക പരാതിയുണ്ട്. ഭരണകക്ഷിയുടെ സ്വാധീനം ഉപയോഗിച്ച് പല വാർഡും വിഭജിച്ച് തങ്ങൾക്ക് അനുകൂലമാക്കിയിട്ടുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.

കൃഷ്ണാപുരം വാർഡ് വർഷങ്ങളായി സി.പി.ഐയുടേതാണ്. എന്നോടുള്ള എതിർപ്പിന്റെ ഭാഗമായാണ് കൃഷ്ണാപുരം എന്ന വാർഡിന്റെ പേര് തന്നെ ഇല്ലാതാക്കുന്ന രീതിയിൽ വിഭജിക്കുന്നത്. വാർഡിന്റെ പകുതിഭാഗം മണ്ണുത്തി വാർഡിലേക്കും ഒരു ഭാഗം നടത്തറയിലേക്കും കൊടുക്കുകയാണ്.

- ബീന മുരളി