
കുന്നംകുളം: പെരുമ്പിലാവിൽ വളർത്തു പൂച്ചയെ വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയെ വെട്ടിപ്പരിക്കേൽപ്പിച്ച് മാല കവരാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചാലിശ്ശേരി പൊലീസ് സ്റ്റേഷന് സമീപം ഫലിനെയാണ് (28) പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴുത്തിലും തലയിലും വെട്ടേറ്റ ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി പള്ളിക്കര വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ പുഷ്പയെ (67) പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.
പുഷ്പ വളർത്തുന്ന പൂച്ചയെ വാങ്ങാനെന്ന വ്യാജേനയാണ് യുവാവെത്തിയത്. ഈ സമയം വീടിന് പിന്നിൽ തേങ്ങ കൂട്ടിയിട്ടിരിക്കുന്നിടത്ത് പാമ്പുണ്ടെന്നും അതിനെ തല്ലിക്കൊല്ലാൻ വടി വേണമെന്നും ആവശ്യപ്പെട്ടു. വെട്ടിക്കൊടുത്ത വടിയും പുഷ്പയുടെ കൈയിലുണ്ടായിരുന്ന ആയുധവും കൈവശപ്പെടുത്തിയ നൗഫൽ വീട്ടമ്മയെ ആക്രമിച്ചു. ഇതിനിടെ കഴുത്തിലെ മാല പൊട്ടിക്കാനും ശ്രമിച്ചു. ഭയന്ന് ഉറക്കെ നില വിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. വൃദ്ധ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.