വടക്കാഞ്ചേരി : ഒരു ഭാഗത്ത് ജനവാസമേഖലയിൽ കൂട് കൂട്ടി ജനങ്ങളുടെ അരുമയായി മാറുമ്പോഴും മറുഭാഗത്ത് കേരകർഷകരെ കണ്ണീരിലാഴ്ത്തുകയാണ് മലയണ്ണാൻ. തെക്കുംകരയിൽ മലാക്ക കനാൽ പാല പരിസരത്താണ് മലയണ്ണാൻ അതിഥിയായെത്തുന്നത്. നിരവധി കുടുംബങ്ങൾ തിങ്ങി പാർക്കുന്ന ഈ പ്രദേശത്ത് നാട്ടു ജീവികളിലൊന്നായി ഇവ മാറി. അതേസമയം ഇവമൂലം കണ്ണീർക്കയത്തിലാണ് കുണ്ടന്നൂരിൽ കേരകർഷകർ. നാളികേരത്തിന് പൊന്നും വിലയാണെങ്കിലും വിളവെടുപ്പ് നടത്തുന്നത് മുഴുവൻ മലയണ്ണാന്മാരാണ്. വാഴക്കുല ഉൾപ്പെടെയുള്ള മറ്റ് കൃഷികൾക്ക് നേരെയും ആക്രമണമുണ്ട്. തെങ്ങിലേക്ക് നോക്കിയാൽ നിറയെ തേങ്ങയാണെങ്കിലും തേങ്ങ കുഴിച്ച് ഇവ ഭക്ഷണമാക്കും.
മലാക്ക കനാൽപാല പരിസരത്ത് നാളുകളേറെയായി തമ്പടിക്കുന്ന അണ്ണാന് മനുഷ്യരെ ഒട്ടും പേടിയുമില്ല. കുട്ടികളും മുതിർന്നവരുമടക്കമുള്ള നാട്ടുകാരുടെ ഇടയിലേക്കിറങ്ങി വന്ന് അവരിൽ നിന്ന് ഭക്ഷണപദാർത്ഥങ്ങളും സ്വീകരിക്കും. പകൽ സമയത്ത് ഭക്ഷണം കഴിഞ്ഞ് കുന്നിൻ മുകളിലെ മരങ്ങളിൽ വിശ്രമിക്കും. മലയണ്ണാന്റെ വിസർജ്യം വീണ് തെങ്ങിന്റെ കായ്ഫലം കുറയുന്നുണ്ടെന്നും കർഷകർ പറയുന്നു. തേങ്ങ മുഴുവൻ ദ്വാരമിട്ട നിലയിൽ തെങ്ങിൻ ചുവട്ടിൽ വീണുകിടക്കുകയാണ്. മൂർച്ചയുള്ള കത്തി കൊണ്ട് വെട്ടിയാലും പ്രയാസമുള്ള ചിരട്ടയാണ് മലയണ്ണാൻ തുരക്കുന്നത്. തേങ്ങകളിലെ വെള്ളവും , കാമ്പും ഭക്ഷിച്ച് അവശിഷ്ടം താഴേക്ക് പറിച്ചിടും. തെങ്ങുകയറ്റ തൊഴിലാളികളും പട്ടിണിയിലാണ്. നേരത്തെ കാട്ടുപന്നികളുടെ ശല്യമായിരുന്നെങ്കിൽ ഇപ്പോൾ മലയണ്ണാൻമാരുടെ ശല്യം സഹിക്കാനാവുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കുണ്ടന്നൂർ എബ്രഹാം കൂളയുടെ ഒരേക്കറിലധികം വരുന്ന കൃഷിയിടത്തിലെ തേങ്ങകളും ദിനംപ്രതി നശിപ്പിക്കപ്പെടുകയാണ്. അധികൃതർ ഇടപെട്ട് വന്യജീവിശല്യം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
മലയണ്ണാൻ