ചേലക്കര: ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ജനസേവകരായ ഉദ്യോഗസ്ഥർക്ക് നേരെ അതിക്രമമുണ്ടാകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.ബിനോജ് ജോർജ് പറഞ്ഞു. ചേലക്കര താലൂക്ക് ആശുപത്രിയിൽ പി.വി.അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ ഡ്യൂട്ടി ഡോക്ടർമാരെ അപമാനിച്ച സംഭവത്തിൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലക്കര താലൂക്ക് ആശുപത്രിയിൽ നടത്തിയ പ്രതിഷേധ ധർണയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എയെ അറസ്റ്റ് ചെയ്യാത്തപക്ഷം നിയമനടപടികളുമായി മുൻപോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി ഡോ.ജിൽഷോ ജോർജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽകുമാർ, ഡോ.പി.എം.സലീം, ഡോ.കെ.സി.വർഗീസ്, ഡോ.പി.എം.നിതിൻ, ഡോ.കെ.കെ.ഗൗതമൻ, ഡോ.സ്മിത മുരളി തുടങ്ങിയവർ സംസാരിച്ചു.