കൊടുങ്ങല്ലൂർ : അഴീക്കോട്- മുനമ്പം പാലം നിർമ്മാണത്തിന്റെ ഭാഗമായി നിറുത്തിവച്ച ബോട്ട് സർവീസ് പുനരാംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരങ്ങൾ ശക്തമായതോടെ താത്കാലിക ബോട്ട് ജെട്ടി നിർമ്മിച്ച് ജില്ലാ പഞ്ചായത്ത്. മുനമ്പം കടവിലാണ് മുമ്പുണ്ടായിരുന്ന സ്ഥലത്തിന്റെ കിഴക്ക് ഭാഗം മാറി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് താത്കാലിക ജെട്ടി നിർമ്മിച്ചത്. എന്നാൽ അഴീക്കോട്- മുനമ്പം പാലം വരുന്നതിനാൽ സ്ഥിരം ബോട്ട് ജെട്ടി ആവശ്യമില്ലെന്ന നിലപാടാണ് ജില്ലാ പഞ്ചായത്തിനെന്നാണ് സൂചന. അതുകൊണ്ടു തന്നെ ബോട്ട് ജെട്ടിക്കായി കൂടുതൽ തുക നീക്കിവയ്ക്കാൻ തയ്യാറല്ലെന്ന സന്ദേശമാണ് താത്കാലിക ജെട്ടി നിർമ്മിച്ചതിലൂടെ വ്യക്തമാകുന്നത്.
അഴീക്കോട്- മുനമ്പം പാലം നിർമ്മാണത്തിന്റെ ഭാഗമായി ബോട്ട് സർവീസ് നിറുത്തിയതോടെ യാത്രാ ക്ലേശം ഏറെയായിരുന്നു. ഈ വഴി പോയിരുന്ന നൂറുകണക്കിന് യാത്രക്കാർ കോട്ടപ്പുറം, മൂത്തകുന്നം, മാല്യങ്കര വഴി 14 കിലോമീറ്റർ ദൂരം ചുറ്റി വളഞ്ഞാണ് മറുകര എത്തിയിരുന്നത്. വിദ്യാർത്ഥികൾ, ജീവനക്കാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരാണ് കൂടുതൽ സമയച്ചെലവും പണച്ചെലവും യാത്രയും നടത്തേണ്ടി വന്നത്. താത്കാലിക ബോട്ട് ജെട്ടി നിലവിൽ വന്നതോടെ അടുത്ത ദിവസങ്ങളിൽ തന്നെ ബോട്ട് സർവീസ് പുനരാരംഭിച്ചേക്കും. അതോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിനും അറുതിയാകും.
കഴിഞ്ഞ സെപ്തംബറിൽ മുനമ്പത്ത് ബോട്ട് അടുപ്പിക്കുന്നതിന് താത്കാലിക പ്ലാറ്റ്‌ഫോം നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് നടപടികൾ എടുത്തെങ്കിലും സ്ഥലം കിട്ടാതെ പ്രവർത്തനങ്ങൾ നീണ്ടുപോകുകയായിരുന്നു. സ്ഥലമുടമ വലിയ തുക വാടകയായി ആവശ്യപ്പെട്ടതും പ്രശ്‌നമായിരുന്നു.
നടന്നത് നിരവധി സമരങ്ങൾ
മാസങ്ങൾ മൂന്ന് കഴിഞ്ഞിട്ടും യാത്രാപ്രശ്‌നത്തിന് പരിഹാരമില്ലാതെ വന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ട് തവണ നദി നീന്തി പ്രതിഷേധ സമരം നടത്തിയിരുന്നു. കോൺഗ്രസ് അഴീക്കോട് മണ്ഡലം കമ്മിറ്റി അനിശ്ചിതകാല നിരാഹാര സമരവും നടത്തിവരുന്നു. സമരത്തിന്റെ 14-ാം നാളിലാണ് താത്കാലിക ബോട്ട് ജെട്ടി സ്ഥാപിച്ചത്. എന്നാൽ ബോട്ട് സർവീസ് ആരംഭിച്ചാലെ സമരം അവസാനിപ്പിക്കൂവെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ്.