moshanam

കൈപ്പറമ്പ്: വെളിച്ചെണ്ണയ്ക്ക് വില കൂടിയതോടെ കൊപ്ര മോഷണം പെരുകുന്നു. കൈപ്പറമ്പ് സെന്ററിലെ ഊട്ടുമഠത്തിൽ ബാലകൃഷ്ണന്റെ സ്ഥാപനത്തിൽ നിന്നും ബുധനാഴ്ച രാത്രി മോഷണം പോയത് 10,000 രൂപയുടെ കൊപ്ര. രാത്രി 11നും വ്യാഴാഴ്ച പുലർച്ചെ അഞ്ചരയ്ക്കും ഇടയിലാണ് മോഷണമെന്നാണ് നിഗമനം.

രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 70 കിലോയോളം സംസ്‌കരിച്ച കൊപ്രയാണ് നഷ്ടപ്പെട്ടത്. പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി കാമറകളുടെ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനായി തെരച്ചിൽ തുടങ്ങി. വെളിച്ചെണ്ണ വില വർദ്ധനവോടെ കൊപ്രയ്ക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. ഇതാണ് മോഷണങ്ങൾക്ക് ഇടയാക്കുന്നത്. കൊപ്ര സൂക്ഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പേരാമംഗലം പൊലീസ് അറിയിച്ചു.