തൃശൂർ : തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോൾ പാലക്കാട്ടെ ട്രോളി വിവാദം ചേലക്കരയിലേക്കും. വികസനത്തിന് പുറമേ, പൂരം അലങ്കോലപ്പെട്ടതും വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്രനിയമവുമെല്ലാം ചർച്ചകൾക്ക് ചൂടും ചൂരും പകർന്നു. ഇതിനിടയിലാണ് കണ്ണൂരിലെ എ.ഡി.എമ്മിന്റെ ആത്മഹത്യയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ അറസ്റ്റുമെല്ലാം ചർച്ചകളിൽ ഇടം പിടിക്കുന്നത്. അവസാന റൗണ്ടിലാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കള്ളപ്പണമെത്തിച്ചുവെന്ന ആരോപണവും പൊലീസ് പരിശോധനയും വാർത്തയാകുന്നത്. ഈ വിവാദം ചേലക്കരയിലേക്കും വീശുകയാണ്.
കഴിഞ്ഞ രണ്ടുദിവസമായി മണ്ഡലത്തിലെത്തുന്ന നേതാക്കളെല്ലാം ഉയർത്തുന്ന പ്രധാനവിഷയം പാലക്കാട്ടെ കള്ളപ്പണമാണ്. നാളെയും മറ്റെന്നാളും മുഖ്യമന്ത്രി പിണറായി വിജയൻ ചേലക്കരയിലുണ്ട്. ഈ വിഷയത്തിലടക്കം നാളെ മുഖ്യമന്ത്രി പ്രസംഗിച്ചാൽ തിങ്കളാഴ്ച്ച നടക്കുന്ന കൊട്ടിക്കാലശത്തിന് മുമ്പ് ചേലക്കര ഇളകി മറിയും. ബൂത്ത് കൺവെൻഷനിലും കുടുംബ സംഗമങ്ങളിലുമെല്ലാം സംസ്ഥാന നേതാക്കളാണ് വിഷയം അവതരിപ്പിക്കുന്നത്.

യു.ഡി.എഫിന് കുടുംബയോഗങ്ങളിൽ ശ്രദ്ധ

യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ കോൺഗ്രസിന്റെ കുടുംബയോഗങ്ങളിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെ.കെ.രമ, കൊടിക്കുന്നിൽ സുരേഷ്, കെ.എസ്.ശബരിനാഥ്, വി.എസ്.ശിവകുമാർ, കെ.സി.ജോസഫ്, അടൂർ പ്രകാശ്, എൽദോസ് കുന്നപ്പിള്ളി എന്നിവർ പങ്കെടുത്തു. ഇതിനുപുറമേ സ്ഥാനാർത്ഥി പര്യടനങ്ങളിലും നേതാക്കളുടെ സാന്നിദ്ധ്യമുണ്ട്.

ജനപങ്കാളിത്തത്തോടെ എൽ.ഡി.എഫ്

എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപ് ഇന്നലെയും സ്വീകരണ പര്യടനങ്ങളിലായിരുന്നു. വെങ്ങാനെല്ലൂർ ചവതപ്പറമ്പിൽ നിന്നാരംഭിച്ച പര്യടനം 38 കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷം രാത്രി എട്ടോടെ ചേലക്കോട് മുത്തങ്ങക്കുണ്ടിലാണ് സമാപിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രിമാരായ പി.രാജീവ്, കെ.ബി.ഗണേഷ് കുമാർ, ഡോ.ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ എം.പി എന്നിവർ വിവിധ പൊതുയോഗങ്ങളിൽ സംസാരിച്ചു.

കീവോട്ടർമാരെ കണ്ട് എൻ.ഡി.എ

എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണൻ ഇന്നലെ നിർണായക കേന്ദ്രങ്ങളിൽ രാവിലെ സന്ദർശനം നടത്തി. കഴിഞ്ഞദിവസം പ്രകാശ് ജാവ്‌ദേക്കർ, ശോഭ സുരേന്ദ്രൻ, മേജർ രവി എന്നിവർ വിവിധ പൊതുയോഗങ്ങളിൽ പങ്കെടുത്തു. ഇന്നലെ തിരുവില്വാമലയിൽ നടന്ന പൊതുയോഗത്തിൽ മേജർ രവി, ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.