വടക്കാഞ്ചേരി: 11 വർഷം മുൻപ് യാഥാർത്ഥ്യമായ പാർളിക്കാട് - വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ ബൈപാസ് റോഡ് പൂർണമായും ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാതെ അധികൃതർ. കുറാഞ്ചേരിയിൽ നിന്ന് വടക്കാഞ്ചേരി മേൽപ്പാലം പരിസരം വരെയുള്ള റോഡിന് മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ കാലത്താണ് തുടക്കമിട്ടത്. മൂന്നര കിലോമീറ്ററോളം റോഡ് ആധുനിക രീതിയിൽ ടാറിംഗ് നടത്താനും ആവശ്യമായ 75 സെന്റ് സ്ഥലം ഏറ്റെടുക്കാനും ഒരു കോടി രൂപ അനുവദിച്ചിരുന്നു.
റെയിൽവേ സ്റ്റേഷന് പിറകിലൂടെ പോകുന്ന റോഡായതിനാൽ റെയിൽവേയും 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡ് നിർമ്മാണം ശാസ്ത്രീയമായി നടന്നെങ്കിലും മൂന്ന് കിലോമീറ്റർ ദൂരം പിന്നിട്ടപ്പോൾ നിർമ്മാണം നിലച്ചു. ക്ലേലിയ മഠത്തിന്റെയും വടക്കാഞ്ചേരി ഫൊറോന പള്ളിയുടെയും സ്ഥലം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടായിരുന്നു തടസം. തർക്കം നീണ്ടതോടെ റോഡ് നിർമ്മാണം മഠത്തിന് തൊട്ടുമുമ്പ് സ്തംഭിച്ചു.
റെയിൽവേ നൽകാമെന്നേറ്റ തുക ഇതോടെ നൽകിയില്ല. സംസ്ഥാന സർക്കാർ അനുവദിച്ച തുകയിൽ റോഡ് നിർമ്മാണത്തിന് ശേഷം ബാക്കി പണം നഷ്ടമായി. വർഷങ്ങൾ കഴിഞ്ഞതോടെ നിർമ്മിച്ച പാതിറോഡും തകർന്നു. എം.ആർ.എസ് സ്‌കൂൾ പ്രദേശം ചെളിക്കുളവും മെറ്റൽക്കൂനയുമായി. ക്ലേലിയ മഠം മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള സ്ഥലത്തെ ടാറിംഗും പൂർത്തീകരിച്ചിട്ടുണ്ട്.
പാർളിക്കാട് റെയിൽവേ ഗേറ്റ് മുതൽ എം.ആർ.എസ് സ്‌കൂൾ പരിസരം വരെ ടാറിംഗ്, കോൺക്രീറ്റ് എന്നീ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. അരക്കിലോമീറ്റർ ദൂരം റോഡ് നിർമ്മിച്ചാൽ പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരമാകും. ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.