തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിൽ ആർ.ശങ്കറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കലാലയ സ്ഥാപക ദിനാചരണവും ശങ്കറിന്റെ ചിത്രം അനാച്ഛാദനവും റാങ്ക് ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണവും നടന്നു. 'കാലാതിവർത്തിയായ മഹാനുഭാവൻ' എന്ന വിഷയത്തിൽ സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി. ആർ.ശങ്കറിനോട് നീതി പുലർത്താൻ കേരള സമൂഹത്തിനായില്ല എന്ന് അദ്ദേഹം നിരീക്ഷിച്ചു. ഗുരുദേവന്റെ ആദർശങ്ങളെ പ്രാബല്യത്തിൽ കൊണ്ടുവരുന്നതായിരുന്നു ആർ.ശങ്കറിന്റെ ജീവിതരേഖ.
ഈഴവ സമുദായം ഇന്ന് കൈവരിച്ചിട്ടുള്ള വിദ്യാഭ്യാസ ഉന്നതിക്ക് പിന്നിൽ ശങ്കറിന്റെ ദീർഘവീക്ഷണമാണുള്ളതെന്നും അദ്ദേഹം അനുസ്മരിച്ചു. പ്രിൻസിപ്പൽ ഡോ.പി.എസ്.ജയ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എയുടെ നേതൃത്വത്തിൽ റാങ്ക് ജേതാക്കൾക്കുള്ള പുരസ്‌കാരവിതരണവും നടന്നു. ഡോ.കെ.കെ.ശങ്കരൻ, ആർ.ഡി.സി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, പി.ടി.എ പ്രതിനിധി ദിവാസ്, കോളേജ് സൂപ്രണ്ട് അജയകുമാർ, ബി.ബബിത, ഡോ. ആര്യ വിശ്വനാഥ് എന്നിവർ സംസാരിച്ചു. 1966ലാണ് ആർ.ശങ്കർ നാട്ടിക എസ്.എൻ കോളേജ് സ്ഥാപിച്ചത്. 1967ൽ സഹോദരൻ അയ്യപ്പനാണ് ഉദ്ഘാടനം നടത്തിയത്.