ചാലക്കുടി: നഗരസഭയുടെ മൊബൈൽ സ്വീവേജ് ട്രീറ്റ്‌മെന്റ്‌റ് പ്ലാന്റ് പോരായ്മകൾ പരിഹരിച്ച് ഉടൻ പ്രവർത്തന ക്ഷമമാക്കുമെന്ന് ചെയർമാൻ എബി ജോർജ്. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ മാതൃകാ പദ്ധതിക്ക് പ്രവർത്തനത്തിൽ അപാകതകളുണ്ട്. പരിഹരിക്കുന്നതിന് വാഹനം ഉടൻ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. ട്രീറ്റ്‌മെന്റിന് ശേഷം അവശേഷിക്കുന്ന ദ്രാവക രൂപത്തിലുള്ള മാലിന്യം നിർമ്മാർജനം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് നേരിടുന്നതാണ് പ്രശ്‌നം.

മാലിന്യം ഖര രൂപത്തിലാക്കുന്നതിനുള്ള ഒരു സംവിധാനം കൂടി പ്ലാന്റിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതിന് നഗരസഭ കൗൺസിൽ അംഗീകാരവും നൽകിയെന്ന് ചെയർമാൻ പറഞ്ഞു.
പ്ലാന്റ് പ്രവർത്തനം തുടങ്ങിയ ശേഷം 17 സ്ഥലങ്ങളിൽ സംസ്‌കരണം നടത്തി. ഫീസ് ഇനത്തിൽ അരലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അംഗീകൃത സ്ഥാപനമായ
ഡിണ്ടിഗലിലെ വാഷ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരുവനന്തപുരത്തെ ഭൗമ ഇൻസ്റ്റിറ്റ്യൂട്ടാണ് വാഹനത്തിൽ സജ്ജമാക്കിയ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മിച്ചത്.
വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, ഹെൽത്ത് ചെയർമാൻ ദിപു ദിനേശ്, വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, പ്രീതി ബാബു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.