gvr
1

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശിവിളക്കുകൾ നവംബർ 11ന് തുടങ്ങും. ഡിസംബർ 11നാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. പുരാതന കുടുംബമായ പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് ആദ്യ വിളക്ക്. കുടുംബങ്ങളും വ്യക്തികളും സ്ഥാപനങ്ങളും വഴിപാടായാണ് 30 ദിവസം ഏകാദശി വിളക്ക് നടത്തുന്നത്. വിളക്കാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ വിശേഷാൽ കാഴ്ചശീവേലി, ഇടയ്ക്കപ്രദക്ഷിണം, മേളം, പഞ്ചവാദ്യം, തായമ്പക എന്നിവയും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. ഏകാദശി ദിവസമായ ഡിസംബർ 11ന് ഗുരുവായൂർ ദേവസ്വമാണ് ചുറ്റുവിളക്ക് നടത്തുക.

വിളംബര നാമജപഘോഷയാത്ര

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഗുരുവായൂർ ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷൻ നടത്താറുള്ള വിളംബര നാമജപഘോഷയാത്ര ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് സത്രം ഗേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് കിഴക്കെ നട ദീപസ്തംഭത്തിന് സമീപത്തു കൂടി ക്ഷേത്രത്തിന് പുറത്ത് ക്ഷേത്രക്കുളം വലംവച്ച് കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപം വന്ന് ദീപം തെളിച്ച് സമാപിക്കും.

കാര്യാലയ ഗണപതിക്ക് വിശേഷാൽ പൂജ, കേളി, പുഷ്പാലങ്കാരം, ദീപാലങ്കാരം, പ്രസാദ വിതരണം എന്നിവയുണ്ടാകും. ദേവസ്വം എംപ്‌ളോയീസ് അസോസിയേഷനും പെൻഷനേഴ്‌സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന ഏകാദശി വിളക്ക് ഡിസംബർ രണ്ടിന് തിങ്കളാഴ്ച സമ്പൂർണ നെയ് വിളക്കായി ആഘോഷിക്കും. കാലത്തും വൈകിട്ടും മേളത്തോടെയുള്ള കാഴ്ചശീവേലി, രാത്രി വിശേഷാൽ ഇടയ്ക്ക പ്രദക്ഷിണം, ദീപാലങ്കാരം, പുഷ്പാലങ്കാരം, വിശേഷാൽ തായമ്പക എന്നിവയുണ്ടാകും.