തൃശൂർ: പൂരം വെടിക്കെട്ട് സംബന്ധിച്ച് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണെന്ന് മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു. പൂരം പ്രതിസന്ധിയിലേക്കോ എന്ന വിഷയത്തിൽ സി.പി.ഐ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂരം നടത്തിപ്പ് സംബന്ധിച്ച് തൃശൂരിലെ എം.പി കൂടിയായ സുരേഷ് ഗോപി എന്തിനാണ് യോഗം വിളിച്ചതെന്ന് വ്യക്തമാക്കണം.
ഈ യോഗം വെറും പ്രഹസനമായിരുന്നു. ഇതിന് ശേഷമാണ് വെടിക്കെട്ട് നടത്താൻ പറ്റാത്ത സാഹചര്യം വ്യക്തമാക്കുന്ന നിയമം പുറത്തിറങ്ങിയത്. 2018ൽ കരട് പുറത്തിറങ്ങിയപ്പോൾ സർക്കാരും ദേവസ്വം ഭാരവാഹികളുമൊക്കെ ഭേദഗതിയും നിർദ്ദേശങ്ങളും നൽകി. എന്നാൽ അതൊന്നും അംഗീകരിച്ചിട്ടില്ല. സുരേഷ് ഗോപി തന്നെ യോഗം വിളിച്ച് പൂരപ്പറമ്പിൽ വന്ന് അളവെടുത്ത് പോയിട്ടും അതൊന്നും കേന്ദ്രം അംഗീകരിച്ചില്ല. തൃശൂരിന്റെ വികാരം വേണ്ട വിധത്തിൽ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ സുരേഷ് ഗോപിക്കായിട്ടില്ല.
അല്ലെങ്കിൽ കേന്ദ്രം അവഗണിച്ചു. നിയമം നിലവിൽ വന്നതിനാൽ പ്രായോഗികമായി പൂരം വെടിക്കെട്ട് നടത്താനാകില്ല. നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സുരേഷ് ഗോപി ഏറ്റെടുക്കണമെന്നും സുനിൽ കുമാർ പറഞ്ഞു. പൂരം അലങ്കോലമായപ്പോൾ ഞാനും സ്ഥലത്തുണ്ടായിരുന്നു. ദേവസ്വം ഭാരവാഹികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പൂരം വെടിക്കെട്ട് ലഭിക്കാൻ, ശിവകാശി ലോബി വർഷങ്ങളായി ശ്രമിച്ചുവരികയാണ്. 2017 മുതൽ രണ്ട് ദേവസ്വങ്ങളെയും ശിവകാശി ലോബി സ്വാധീനിക്കാൻ ശ്രമിക്കുന്നു. നിങ്ങൾ പറയുന്നതുപോലെ വെടിക്കെട്ട് നടത്തിത്തരാമെന്ന് പറഞ്ഞാണെത്തുന്നത്. എന്നാൽ പരമ്പരാഗതമായ വെടിക്കെട്ട് നടത്തുന്നവരെ കൈവിടാനാകില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവരോടൊപ്പം ജോലിയെടുക്കുന്നത്. ഇവരെ ഒഴിവാക്കി വെടിക്കെട്ട് ശിവകാശിക്കാർക്ക് അടിയറവ് വയ്ക്കാൻ തയ്യാറല്ല.
-ജി. രാജേഷ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി
-കെ.ഗിരീഷ്കുമാർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി